ബാങ്ക് അക്കൗണ്ടുകളിലെ പണം ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സികളുടെ പേരിലുള്ള തട്ടിപ്പ് വ്യാപകമാണെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുന്നറിയിപ്പ് നൽകി. എസ്‌എംഎസ് രൂപത്തിലും മറ്റ് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയുമാണ് സന്ദേശം എത്തുന്നത്.
സൈബര്‍ കുറ്റവാളികളുടെ എണ്ണവും കേസുകളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍, സിബിഐ ഉദ്യോഗസ്ഥരാണെന്നും ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയും നിങ്ങളെ സമീപിക്കുകയും ബാങ്ക് വിശദാംശങ്ങളും ഒപ്പം ഒടിപി പോലുള്ള അതീവ രഹസ്യ സ്വഭാവമുള്ളവയും ചോദിക്കുകയും ചെയ്യും. നിയമനടപടി സ്വീകരിക്കുമെന്നടക്കമുള്ള വ്യാജ ഭീഷണിയില്‍ വീഴരുതെന്നുമാണ് എസ്എംഎസ് വഴിയുള്ള മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പില്‍പ്പെട്ട് കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിങ്ങളുടെ പേരിലുള്ള കൊറിയര്‍ വഴി എംഡിഎംഎ പോലുള്ള മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചുവെന്നും ഇത് പിടികൂടിയെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ മൊബൈല്‍ നമ്പറില്‍ വിളിക്കുന്നതാണ് മറ്റൊരു രീതി. നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാനും വെര്‍ച്വല്‍ അറസ്റ്റിന് ഇരയാകാതിരിക്കാനും അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ആദായനികുതി വകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റണം എന്ന് നിര്‍ദേശിച്ച ശേഷം ഒരു അക്കൗണ്ട് നമ്പര്‍ നല്‍കുന്നതാണ് മറ്റൊരു രീതി. ഇത്തരത്തില്‍ കേരളത്തില്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടിരുന്നു. വിവിധ സംഭവങ്ങളിലായി അനേകം കേസുകളും നിലവില്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
Advertisements
Advertisements
Advertisements