അച്ഛനുമായി ചെറിയൊരു സൗന്ദര്യപ്പിണക്കം. പിന്നെ മുന്നും പിന്നും നോക്കിയില്ല, ആ എട്ടുവയസ്സുകാരി ഉറപ്പിച്ചു, അച്ഛൻ ഇനി ഈ വീട്ടിൽവേണ്ട, ആർക്കേലും വേണമെങ്കിൽ കൊണ്ടുപൊയ്ക്കോട്ടെ. അതിനായി വീടിനുമുന്നിൽ ഒരു നോട്ടീസും വെച്ചു. ‘അച്ഛൻ വിൽപ്പനയ്ക്ക്, വില 2,00,000. കൂടുതൽ വിവരങ്ങൾക്കായി ബെല്ലടിക്കുക’- ഇതായിരുന്നു കുറിപ്പിൽ. എക്സ് പ്ലാറ്റ്ഫോമിലൂടെ വൈറലായ കുറിപ്പ് പങ്കുവെച്ചത് കുട്ടിയുടെ അച്ഛൻ തന്നെയാണ്. മകളുടെ കുറിപ്പിന്റെ ചിത്രവും കാര്യകാരണവും വ്യക്തമാക്കി പങ്കുവെച്ച കുറിപ്പിൽ ഒരു കാര്യവും കൂടി അച്ഛൻ കൂട്ടിച്ചേർത്തിട്ടുണ്ട്- വേണ്ടത്ര മതിപ്പുവില എനിക്ക് നൽകിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.
Melanchoholic എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റിന് രസകരമായ റിപ്ലൈകളാണ് ലഭിക്കുന്നത്. ഒരു എട്ടുവയസ്സുകാരിയുടെ കാഴ്ചപ്പാടിൽ രണ്ട് ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്നും അതുകൊണ്ട് വിഷമിക്കാനില്ലെന്നുമാണ് ഒരാൾ അഭിപ്രായപ്പെട്ടത്. തന്റെ കുട്ടികൾ വെറും ഇരുപത് രൂപയ്ക്ക് തന്നെ കച്ചവടമാക്കുമെന്നാണ് മറ്റൊരാളുടെ രസകരമായ മറുപടി.
തന്റെ മാസ ശമ്പളം എത്രയാണെന്ന് ചോദിച്ചറിഞ്ഞതിനുശേഷമാണ് മകൾ കുറിപ്പ് തയ്യാറാക്കിയതെന്നും തുകയിൽ കൂടുതൽ പൂജ്യങ്ങൾ ചേർത്തുചേർത്ത് മുഷിഞ്ഞതോടെയാണ് ഈ തുകയിൽ ഉറപ്പിച്ചതെന്നും ഒരു ഫോളോ അപ് പോസ്റ്റിൽ കുഞ്ഞിന്റെ അച്ഛൻ തമാശരൂപേണ പറഞ്ഞിട്ടുണ്ട്.