അടുത്ത മഹാമാരി വൈകാതെ വന്നേക്കാം, ഡിസീസ് എക്സ് മൂലം 5 കോടിയോളം ജീവൻ നഷ്ടപ്പെടാം

Advertisements
Advertisements

കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണമെന്ന് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത് അടുത്തിടെയാണ്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്. കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് വന്നേക്കാമെന്നും സജ്ജരാകണമെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഡിസീസ് എക്സ് എന്നു പേരിട്ടു വിളിക്കുന്ന ഈ അ‍ജ്ഞാതരോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഇപ്പോഴിതാ യു.കെയിൽനിന്നുള്ള ആരോഗ്യ വിധഗ്ധനും സമാനമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യു.കെയിലെ വാക്സിൻ ടാസ്ക്ഫോഴ്സിന്റെ അധ്യക്ഷനായിരുന്ന കേറ്റ് ബിംഗാം ആണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

Advertisements

ഡെയ്ലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് ഡിസീസ് എക്സിനായി സജ്ജരായിരിക്കണമെന്ന് കേറ്റ് വ്യക്തമാക്കിയത്. 1918 മുതൽ 1920 വരെയുണ്ടായിരുന്ന സ്പാനിഷ് ഫ്ലൂവിന് സമാനമായിരിക്കുമെന്നും വരാനിരിക്കുന്ന രോഗമെന്നും കേറ്റ് പറയുന്നുണ്ട്. 1918-18 ഫ്ലൂവിന്റെ സമയത്ത് അമ്പത് ദശലക്ഷത്തോളം പേർ ആഗോളതലത്തിൽ മരണമടഞ്ഞു. അതേ മരണസംഖ്യ തന്നെ പ്രതീക്ഷിക്കാമെന്നാണ് കേറ്റ് പറയുന്നത്. അത് നിലവിലുള്ള പല വൈറസുകളിൽ ഒന്നിൽനിന്നാകാമെന്നും കേറ്റ് പറയുന്നു.

ഗവേഷകർ നിലവിൽ ഇരുപത്തിയഞ്ചോളം വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടാതെ ഏകദേശം ഒരു ദശലക്ഷത്തോളം കാണാമെന്നും കേറ്റ് പറയുന്നു. കോവിഡ് ദശലക്ഷക്കണക്കിന് ജീവൻ അപഹരിച്ചുവെങ്കിലും ഭൂരിഭാഗം പേർക്കും രോഗം വരികയും ഭേദമാവുകയും ചെയ്തിട്ടുണ്ട്. ഡിസീസ് എക്സ് മീസിൽസ് പോലൊരു പകർച്ചവ്യാധിയും എബോള പോലെ മരണനിരക്കും ഉള്ളതാണെങ്കിൽ സ്ഥിതി ഗൗരവകരമാകുമെന്നും കേറ്റ് പറയുന്നു.

Advertisements

അറുപത്തിയേഴു ശതമാനത്തോളം മരണനിരക്കാണ് എബോളയ്ക്ക് ഉണ്ടായിരുന്നത്. പക്ഷിപ്പനിയും മെർസ് വൈറസും നിരവധി പേരുടെ ജീവൻ ഇല്ലാതാക്കി. അതിനാൽ തന്നെ അടുത്തൊരു മഹാമാരി പ്രവചനാതീതമായിരിക്കും. മഹാമാരികളുടെ നിരക്ക് കൂടുന്നതിനേക്കുറിച്ചും കേറ്റ് പറയുന്നുണ്ട്.

ആഗോളവൽക്കരണത്തിലൂടെ ആളുകൾ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതും വനനശീകരണം, തണ്ണീർത്തടങ്ങളുടെ നാശം എന്നിവ കാരണം വൈറസുകൾ ഒരു സ്പീഷീസിൽനിന്നു മറ്റൊന്നിലേക്ക് കടക്കുന്നതുമൊക്കെ മഹാമാരികൾക്ക് കാരണമാകുന്നുണ്ട് എന്നാണ് കേറ്റ് പറയുന്നത്.

ഡിസീസ് എക്സിനെ കേന്ദ്രീകരിച്ചുള്ള വാക്സിൻ തയ്യാറെടുപ്പുകൾക്ക് യു.കെ. ഗവേഷകർ ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരെ ബാധിക്കാനും ലോകമെമ്പാടും അതിവേഗം പടരാനും സാധ്യതയുള്ള വൈറസുകളെ കേന്ദ്രീകരിച്ചാണ് അവർ ഗവേഷണം നടത്തുന്നത്. പക്ഷിപ്പനി, മങ്കിപോക്സ്, ഹാന്റാവൈറസ് തുടങ്ങിയവയെ നിരീക്ഷിച്ചുവരികയുമാണ്.

ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ, ഡിസീസ് എക്സ് വൈകാതെ വരുമെന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം. ആഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018-ലാണ് ലോകാരോഗ്യ സംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരു വർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സ് എന്ന് മുന്നറിയിപ്പ് നൽകി ആഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കുകയും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കുകയുമാണ് ഡിസീസ് എക്സിന് പ്രാധാന്യം നൽകുന്നതിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights