വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ഫൈബര്‍ സെപ്റ്റംബര്‍ 19ന് അവതരിപ്പിക്കുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് തീയതി പ്രഖ്യാപിച്ചത്.
അതിവേഗത്തില്‍ ഇന്റര്‍നെറ്റ് എന്നതാണ് ജിയോ എയര്‍ഫൈബറിന്റെ ലക്ഷ്യം. കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോ എയര്‍ഫൈബര്‍ സര്‍വീസ് പ്രഖ്യാപിച്ചത്. അടുത്ത മാസം രാജ്യത്ത് ഇതിന് തുടക്കമിടുമെന്നാണ് ഇത്തവണത്തെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിച്ചത്.
ഫൈവ് ജി ടെക്‌നോളജിയാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. ഒരു ജിബിപിഎസ് വരെ വേഗമാണ് കമ്പനി അവകാശപ്പെടുന്നത്. പ്ലഗില്‍ കുത്തി ഓണ്‍ ചെയ്യുന്ന മുറയ്ക്ക് തന്നെ ഉപയോഗിക്കാന്‍ കഴിയുംവിധം ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനരീതി.
സുരക്ഷിതമായ ഇന്റര്‍നെറ്റ് ആണ് മറ്റൊരു സവിശേഷത. വൈ ഫൈവ് സിക്‌സ് ടെക്‌നോളജിയെ സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ട് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ കുറവായിരിക്കും. ആയിരം ചതുരശ്ര അടി വരെയാണ് കവറേജ്. ഓഫീസുകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ജിയോ സെറ്റ് ടോപ്പ് ബോക്‌സുമായി കണക്ട് ചെയ്യാന്‍ കഴിയും എന്നത് കൊണ്ട് ടെലിവിഷന്‍ കാഴ്ചകളും അനുഭവവേദ്യമാകും. സമാനമായ മറ്റു സര്‍വീസുകളെ അപേക്ഷിച്ച് 20 ശതമാനം ചെലവ് കുറവായിരിക്കും ജിയോ ഫൈബര്‍ സര്‍വീസിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.