അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ

Advertisements
Advertisements

അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ

രാത്രി ആയാല്‍പിന്നെ കിടക്കാനുള്ള തിരക്കാവും. കിടക്കുന്നതിന് തൊട്ടു മുമ്പാണോ നിങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളത്..? എങ്കില്‍ ഓർത്തോളൂ, അത്താഴം കഴിച്ചാല്‍ അരക്കാതമെങ്കിലും നടക്കണം. തലമുറകളായി മലയാളികള്‍ക്ക് സുപരിചിതമായ വെറും ചൊല്ല് മാത്രമല്ല ഇത്. കഴിക്കുന്ന സമയവും, കിടക്കുന്ന സമയവും വളരെ പ്രധാനമാണ്. ഇതിനു പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് അറിയാം. രാത്രി ഭക്ഷണത്തിന് ശേഷം വീടിന് മുമ്പിലൂടെ ചെറിയ നടത്തം പാസാക്കിയിരുന്ന തലമുറ നമുക്കുണ്ടായിരുന്നു. വെറുതെ ഒരു നടത്തം എന്നതിലുപരി ആരോഗ്യത്തിലേക്ക് വേരുകളാഴ്ത്തുന്ന ധാരാളം ഗുണങ്ങള്‍ ഇതിനുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള ഈ നടത്തം ദഹനവ്യവസ്ഥയെ സ്വാധീനിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുകയും അതിലൂടെ പോഷകങ്ങളുടെ ശരിയായ ആഗിരണം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ മെച്ചപ്പെടുത്തും.

അത്താഴത്തിന് ശേഷമുള്ള നടത്തം, നേട്ടങ്ങള്‍ എന്തൊക്കെ..?

ചെറിയ തോതിലുള്ള വ്യായാമം മനസ്സിനും ശരീരത്തിനും നല്ലതാണ്. ഭക്ഷണം ദഹിപ്പിക്കാനുള്ള സാവകാശം കിട്ടുന്നതിനൊപ്പം വിശ്രമിക്കുന്നതിനായുള്ള തയ്യാറെടുപ്പ് നടത്തുന്നതിന് ശരീരത്തെ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തി പെട്ടെന്നുണ്ടാകുന്ന ഇൻസുലിൻ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നു.

അത്താഴത്തിന് ശേഷമുള്ള ചെറിയ തോതിലുള്ള നടത്തം ശരീരത്തില്‍ അമിതമായി ഉണ്ടാകുന്ന കലോറി ഇല്ലാതാക്കും. ഇത് ശരീരഭാര നിയന്ത്രണത്തിന് സഹായിക്കുന്നു.

പരമ്പരാഗത ആയുർവേദ തത്വങ്ങള്‍ പ്രകാരം ഭക്ഷണ ശേഷമുള്ള നടത്തം ദഹനത്തിനും, പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കും. മാനസികമായ ക്ഷേമത്തെയും ഇത് പ്രോത്സാഹിപ്പിക്കും.

എപ്പോള്‍ നടന്നു തുടങ്ങാം..?

നടത്തവും, ഉറക്കവും ക്രമത്തിലാക്കണം എന്നുണ്ടെങ്കില്‍ ഭക്ഷണം കഴിക്കുന്ന സമയവും അതിനനുസരിച്ച്‌ നിശ്ചയിക്കേണ്ടതുണ്ട്. ഇന്ത്യക്കാർ പൊതുവെ വൈകി ഭക്ഷണം കഴിക്കുന്നവരാണ്. അതുപോലെ വൈകി ഉറങ്ങുകയും ചെയ്യും. അതില്‍ മാറ്റം കൊണ്ടുവരാം. ഉറങ്ങുന്നതിന് ഏകദേശം 2 മുതല്‍ 3 മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിക്കുന്നതാണ് അനുയോജ്യം. പൊതുവേ വൈകിട്ട് 6 മുതല്‍ 8 വരെയുള്ള സമയമാണ് രാത്രി ഭക്ഷണത്തിന് അനുയോജ്യമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വയറുനിറയെ ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാൻ കിടക്കുന്നത് കൊണ്ടാണ് പലപ്പോഴും ദഹനക്കേട് അനുഭവപ്പെടുന്നത്. കൃത്യമായ ഇടവേള നല്‍കി നേരത്തെ ആഹാരം കഴിക്കുമ്പോള്‍, ദഹനവ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഒപ്പം പോഷകങ്ങളുടെ ആഗിരണവും ഊർജ്ജ ഉല്പാദനവും സുഗമമായി നടക്കുന്നു. ഈ ഇടവേള നടത്തത്തിനായി വിനിയോഗിക്കാം. ഭക്ഷണശേഷമുള്ള നടത്തം പ്രയോജനകരമാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വയറു നിറയെ ഭക്ഷണം കഴിച്ച ഉടൻ ആയാസത്തില്‍ നടത്തം തുടങ്ങരുത്. ഭക്ഷണത്തിനു ശേഷം 15 മുതല്‍ 30 മിനിറ്റ് വരെ വിശ്രമിക്കുക. ശേഷം വളരെ പതുക്കെ നടന്നു തുടങ്ങാം. വേഗത കൂടിയ നടത്തം മലബന്ധം, ദഹനക്കേട് എന്നിവയിലേക്ക് നയിച്ചേക്കും. അതുകൊണ്ട് ആയാസത്തിലുള്ള നടത്തം ഒഴിവാക്കുക. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ നിങ്ങളുടെ പ്രായം, ആരോഗ്യസ്ഥിതി, ശരീരപ്രകൃതി, എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights