അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങി. എന്നാൽ, ഈ പൂക്കൾ വിരിയുന്നതിൽ സന്തോഷിക്കുകയല്ല, നിരാശപ്പടുകയാണ് വേണ്ടതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആഗോളതാപനം വർദ്ധിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
മഞ്ഞുമലകളാൽ നിറഞ്ഞ് മരവിച്ചിരിക്കുന്ന ഭൂഖണ്ഡത്തിൽ അന്റാർട്ടിക് ഹെയർ ഗ്രാസ്, അന്റാർട്ടിക്ക് പേൾവോർട്ട് എന്നിങ്ങനെ രണ്ട് ഇനം പൂച്ചെടികൾ മാത്രമാണുള്ളത്. ചെടികൾ വളരുന്നതിന് അധികം സ്ഥലവും ഉണ്ടായിരുന്നില്ല. മരങ്ങളോ കുറ്റിച്ചെടികളോ ഇല്ലാത്ത ഭൂപ്രദേശത്ത് സസ്യങ്ങളുടെ സാന്നിധ്യമുള്ളത് സൗത്ത് ഓർക്ക്‌നി ദ്വീപുകൾ, സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾ, പടിഞ്ഞാറൻ അന്റാർട്ടിക് പെനിൻസുല എന്നിവിടങ്ങളിൽ മാത്രമായിരുന്നു.
ആഗോളതാപനം മൂലം മഞ്ഞ് ഉരുകി തുടങ്ങിയതിനാലാണ് ഇവിടത്തെ ചെടികളിലെ വളർച്ചയും വേഗത്തിലായി തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 50 വർഷത്തെ സർവേകൾ പരിശോധിക്കുമ്പോൾ ഈ പ്രദേശങ്ങൾ സസ്യങ്ങളാൽ കൂടുതൽ സമ്പന്നമാകുന്നുവെന്ന് മാത്രമല്ല, കാലാവസ്ഥ ചൂടുപിടിക്കുന്നതിനനുസരിച്ച് അവ ഓരോ വർഷവും വേഗത്തിൽ വളരുകയും ചെയ്യുന്നുണ്ട്. 1960 മുതൽ 2009 വരെയുള്ള 50 വർഷങ്ങളിലുണ്ടായ വളർച്ച 2009-2019 കാലഘട്ടത്തിൽ ഉണ്ടായതായി സർവേ ചൂണ്ടിക്കാട്ടുന്നു
അന്റാർട്ടിക്ക് പേൾവോർട്ടിന്റെ വളർച്ച കൂടുതൽ വേഗത്തിലാണെന്നും 2009-2019 കാലയളവിൽ അഞ്ച് മടങ്ങ് കൂടുതൽ വളർന്നുവെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ.