ആഗോള സമാധാന സൂചികയിൽ ഐസ്‌ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളിലെ സമാധാനതോത് വിലയിരുത്തുന്ന ഏജന്‍സിയായ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് പ്രസിദ്ധീകരിച്ച ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തിൽ സമാധാനത്തിന്റെ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ലെ സമാധാന സൂചിക പ്രകാരം ഐസ്‌ലന്‍ഡാണ് ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യം. 2008 മുതല്‍ ഐസ്‌ലന്‍ഡ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലോകത്താകമാനമുള്ള 163 രാജ്യങ്ങളെ ഉള്‍കൊള്ളിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ സാമൂഹിക സുരക്ഷയും സുരക്ഷിതത്വവും ആഭ്യന്തരവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങള്‍, സൈനികവത്കരണം എന്നീ മാദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ സമാധാനത്തിന്റെ തോത് 0.42 ശതമാനം കുറഞ്ഞുവെന്നും പഠനം സൂചിപ്പിക്കുന്നു. 84 രാജ്യങ്ങള്‍ തങ്ങളുടെ സമാധാന നില മെച്ചപ്പെടുത്തിയപ്പോള്‍ 79 രാജ്യങ്ങള്‍ മുന്‍വര്‍ഷത്തില്‍ നിന്ന് പിന്നിലേക്ക് പോയി.
ഡെന്‍മാര്‍ക്കാണ് ഐസ്‌ലന്‍ഡിന് തൊട്ടുപിന്നിൽ. അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ഓസ്ട്രിയ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. അഫ്ഗാനിസ്ഥാനാണ് സമാധാന സൂചികയില്‍ ഏറ്റവും പുറകില്‍. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് അഫ്ഗാനിസ്ഥാന്‍ ഈ സ്ഥാനത്ത് തുടരുന്നത്. യെമന്‍, സിറിയ, സൗത്ത് സുഡാന്‍, കോംഗോ എന്നീ രാജ്യങ്ങളാണ് സമാധാന സൂചികയില്‍ ഏറ്റവും പുറകിലുള്ള മറ്റ് രാജ്യങ്ങള്‍.
പട്ടികയില്‍ 126ാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ വര്‍ഷത്തേതില്‍ നിന്ന് രണ്ട് പോയന്റ് മെച്ചപ്പെടുത്തിയാണ് ഇന്ത്യ 126ാമത് എത്തിയിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര സമാധാനത്തിന്റെ തോതില്‍ 3.5 ശതമാനം മെച്ചപ്പെടുത്തിയെന്നാണ് പഠനത്തില്‍ പറയുന്നത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടതും സംഘര്‍ഷങ്ങള്‍ ഉണ്ടാവാത്തതുമാണ് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടാനുണ്ടായ കാരണങ്ങള്‍. പട്ടികയില്‍ നേപ്പാള്‍, ചൈന, ശ്രീലങ്ക, അമേരിക്ക, പാകിസ്താന്‍ എന്നീരാജ്യങ്ങള്‍ യഥാക്രമം 79, 80, 107, 131, 146 എന്നീ സ്ഥാനങ്ങളിലാണ്. സിംഗപ്പുര്‍, പോര്‍ച്ചുഗല്‍, സ്ലൊവേനിയ, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍.