ഇഞ്ചിവില താഴേക്ക്;കർഷകർ ആശങ്കയിൽ

Advertisements
Advertisements

മൂന്നുവർഷം മെച്ചപ്പെട്ടവിലയുണ്ടായിരുന്ന ഇഞ്ചിവില താഴേക്ക്. വിലയിടിവുഭയന്ന് കൂടുതൽ കർഷകർ ഉൽപന്നം വിളവെടുത്തതോടെ ഇഞ്ചിയുടെ ഡിമാന്റും കുറഞ്ഞു. ഇപ്പോൾ ചാക്കിന് 1500 രൂപയാണ് വില. കഴിഞ്ഞവർഷം വിളവെടുപ്പു സമയത്ത് 3200 രൂപ വിലയുണ്ടായിരുന്നു. കഴിഞ്ഞ 3 സീസണിലും മെച്ചപ്പെട്ട വില കിട്ടി. ഇക്കൊല്ലം ചാക്കിന് 13,000 രൂപവരെയെത്തിയിരുന്നു. ഇഞ്ചിമേഖലയിൽ ഉണർവുണ്ടായതോടെ കൂടുതൽപേർ കൃഷിക്കിറങ്ങി.




കർണാടകയിൽ തദ്ദേശീയരായ കർഷകരും വ്യാപകമായി ഇഞ്ചിക്കൃഷി ചെയ്യുന്നുണ്ട്. ധാന്യങ്ങളും പച്ചക്കറിയും കൃഷിചെയ്തിരുന്നവർ ഇഞ്ചിയിലേക്കുമാറി. പഴയ ഇഞ്ചി വിളവെടുപ്പ് ഏതാണ്ട് പൂർത്തിയായി. പുതിയഇഞ്ചി വിപണിയിലെത്തിയതോടെ പഴയതിന് ആവശ്യക്കാരുമില്ല. സീസണിൽ വിളവെടുക്കാതെ മണ്ണിട്ടുനിർത്തിയ ഇഞ്ചിക്ക് വ്യാപകനാശമുണ്ടായി. ഇക്കൊല്ലം കൃഷിക്കിറങ്ങിയ കർഷകരാണ് വൻസാമ്പത്തിക നഷ്‌ടത്തിന് ഇരയാവുക. ചാക്കിന് 2000 രൂപയെങ്കിലും ലഭിച്ചാൽമാത്രമേ കൃഷി നഷ്‌ടമില്ലാതെ നടത്താനാവൂ. പച്ചക്കറി ഇനത്തിൽപെട്ട ഇഞ്ചിവില ഗണ്യമായി കൂടിയപ്പോൾ സാധാരണക്കാർ ഉപയോഗം കുറച്ചു.




കേരള, കർണാടക, ആന്ധ്ര സംസ്‌ഥാനങ്ങളിലേക്കാണ് കർണാടകയിൽനിന്നു കാര്യമായി ഇഞ്ചികയറ്റുന്നത്. തണുപ്പേറുന്നതോടെഉത്തരേന്ത്യയിലേക്കും ഉൽപന്നം വൻതോതിൽപോകും. എന്നാൽ ഛത്തീസ്ഗഡ്, ഒറീസ ഭാഗത്തുൾപ്പെടെ രാജ്യത്തിന്റെ പലഭാഗത്തും ഇഞ്ചിക്കൃഷി കാര്യമായിട്ടുണ്ട്.കൃഷിക്ക് വൻചെലവുണ്ടെങ്കിലും ഉയർന്നവിലയിൽ ആകൃഷ്‌ടരായ കർഷകർ കൂടുതൽ സ്‌ഥലത്ത് കൃഷി ചെയ്യുകയും പുതിയ കർഷകർ കൃഷിയിലേക്ക് പ്രവേശിക്കുകയും ചെയ്തു‌.കർണാടകയിലെ ഹാൻഡ്പോസ്റ്റാണ് രാജ്യത്തെ പ്രധാന ഇഞ്ചിവിപണി. കോടികളുടെ വ്യാപാരമാണ് ദിവസവും ഇവിടെ നടക്കുന്നത്. 50ൽ അധികം വ്യാപാരികൾ ഇവിടെയുണ്ട്. ഇഞ്ചിക്കൃഷി കർണാടകയിലേക്ക് മാറിയതോടെ വ്യാപാരവും അവിടേക്ക് മാറി. ജില്ലയിലെ ഇഞ്ചിവ്യാപാരികളിൽ ഭൂരിപക്ഷംപേരും അവിടേക്ക് മാറി.എച്ച്.ഡി.കോട്ട, നഞ്ചൻഗോഡ്, മണ്ഡ്യ, ഹാസൻ, ശിവ്മൊഗ്ഗ, ശിക്കാരിപുര, ചാമരാജ്നഗർ താലൂക്കുകളിലാണ് കാര്യമായ ഇഞ്ചികൃഷി. പാട്ടക്കർഷകർ മാത്രമാണ് ഇഞ്ചികൃഷി ചെയ്തിരുന്നത്. എന്നാലിപ്പോൾ തദ്ദേശീയരായ കർഷകരും കൃഷിയിൽ സജീവമാണ്. തുടർച്ചയായി ഇഞ്ചിക്ക് ഉയർന്ന വില ലഭിച്ച അനുഭവമില്ലെന്ന് കർഷകർ പറയുന്നു. കൂടിയവില ലഭിച്ചാൽ പിന്നീട് കുറച്ചുകാലം വില കുറയും.ഉൽപാദനം ഗണ്യമായി ഉയരുമ്പോഴാണ് വിലയിടിയുക. കുറയുമ്പോൾ വിലഉയരും. ഈ പ്രതിഭാസം കാർഷികമേഖല ഏറെക്കാലമായി നേരിടുന്ന മുഖ്യപ്രശ്നമാണ്. കാർഷിക വിളകൾക്ക് തറവില നിശ്ചയിച്ച് വിപണിയിൽ സർക്കാർ ഇടപെടൽ ഉറപ്പാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights