രജനികാന്ത് ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ ജയിലര്’. മലയാളികളുടെ സ്വന്തം ലാലേട്ടനും തലൈവര്ക്കൊപ്പം ജയിലറില് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ജയിലറിലെ മോഹന്ലാലിന്റെ ഗെറ്റപ്പും മലയാളികളുടെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ മാസം ആദ്യം ഇറങ്ങിയ ടീസറിലും മോഹന്ലാലിനെ ഉള്ക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. കന്നഡ സൂപ്പര്സ്റ്റാര് ശിവരാജ് കുമാറും സിനിമയില് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. നിര്മ്മാതാക്കളായ സണ് പിക്ച്ചേഴ്സ് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്ത്തിയായ വിവരം അറിയിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്ത്തകര്ക്കൊപ്പം രജനികാന്ത് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള് സണ് പിക്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്തിന് ചിത്രം തിയേറ്ററുകളില് എത്തും.
നെല്സണ് ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രം സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് നിര്മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര് സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്വ്വഹിക്കുന്നത് വിജയ് കാര്ത്തിക് കണ്ണന് ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന് കൊറിയോഗ്രാഫി ചെയ്യുന്നത്.
മോഹന്ലാല്, ശിവ രാജ്കുമാര്, ജാക്കി ഷ്റോഫ്, സുനില് ഷെട്ടി തുടങ്ങി ഇന്ത്യന് സിനിമയിലെ മുന്നിര താരങ്ങളാണ് ചിത്രത്തിലെ നിര്ണായക വേഷങ്ങളിലെത്തുന്നത്. തമന്ന, രമ്യാ കൃഷ്ണന്, വസന്ത് രവി, റെഡിന് കിംഗ്സ്ലി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളികള്ക്ക് ആവേശമാകാന് മോഹന്ലാല്-രജനി സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരം.