ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാൻ സി-295 വിമാനം; ചെറിയ റണ്‍വേയില്‍ പോലും പറന്നുയരും

Advertisements
Advertisements

യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എയര്‍ബസ് നിർമിച്ച സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ബുധനാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. സ്‌പെയിനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി വിമാനം ഏറ്റുവാങ്ങും. സി- 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന പഴക്കം ചെന്ന അവ്‌റോ-748 വിമാനങ്ങള്‍ക്കു പകരമായാണ് എത്തുന്നത്.

Advertisements

2021 സെപ്റ്റംബറിലാണ് 56 സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി ഏകദേശം 21,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. കരാര്‍ പ്രകാരം ആദ്യ 16 വിമാനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സ്‌പെയ്‌നില്‍ തന്നെ നിര്‍മിച്ച് ഇന്ത്യയ്ക്ക് കൈമാറും. ബാക്കിയുള്ള 40 വിമാനങ്ങള്‍ ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (ടി.എ.എസ്.എല്‍.) ഇന്ത്യയില്‍ നിര്‍മിക്കും. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്തിലെ വഡോദരയിലെ നിര്‍മാണ പ്ലാന്റില്‍നിന്ന് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

5-10 ടണ്‍ ഭാരം വരെ വഹിക്കാന്‍ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിന് സാധിക്കും. അതായത് 70 പട്ടാളക്കാര്‍ക്ക് വരെ ഇതില്‍ യാത്ര ചെയ്യാനാകും. നിലവില്‍ വ്യോമസേനയുടെ ഭാഗമായ വിമാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാന്‍ സഹായിക്കുന്നവയാണിത്. സി-295 ന് പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറുണ്ട്. അതിനാല്‍ തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ് ഈ വിമാനങ്ങള്‍.

Advertisements

പൂര്‍ണസജ്ജമായ റണ്‍വേയും സി-295ന് ആവശ്യമില്ല. ചെറിയ റണ്‍വേയില്‍ പോലും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുമെന്നതിനാല്‍ സി-295 വിമാനം എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ ശക്തിപ്പെടും. ടേക്ക് ഓഫിന് 670 മീറ്റര്‍ റണ്‍വേയും ലാന്‍ഡിങ്ങിന് 320 റണ്‍വേയും മാത്രമേ സി-295 വിമാനത്തിന് ആവശ്യമുള്ളു. ഇതുവഴി അടിയന്തര ഘട്ടത്തില്‍ മലയോരത്തും മറ്റ് അപ്രാപ്യമായ പ്രദേശങ്ങളിലും അവശ്യസാധനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ എത്തിക്കാന്‍ വ്യോമസേനയ്ക്ക് സാധിക്കും. 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുമുണ്ടാകും.

ദീര്‍ഘദൂരം പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയില്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് സാധിക്കും. അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കല്‍ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താം. പ്രത്യേക ദൗത്യങ്ങളിലും ദുരന്ത മുഖത്തും സി-295 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗപ്രദമാണ്. നീളമേറിയ ക്യാബിനും വിമാനത്തിന്റെ പ്രത്യേകതയാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights