ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖലകളിലൊന്ന് തകർത്തിരിക്കുകയാണ് ഹരിയാന പൊലീസ്. ഹരിയാനയിലെ നുഹ് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാൻ ഇന്ത്യ നെറ്റ്വർക്കാണ് പൊലീസ് പിടിയിലായത്. രാജ്യമെമ്പാടുമുള്ള 28,000ത്തോളം ആളുകളെ കബളിപ്പിച്ച് 100 കോടിയോളം രൂപ സംഘം തട്ടിയെടുത്തിയിട്ടുണ്ടെന്നാണ് Haryana പൊലീസ് പറയുന്നത്.
ഏപ്രിൽ 27, 28 തീയതികളിൽ നുഹ് ജില്ലയിലെ 14 ഗ്രാമങ്ങളിൽ 320 ലൊക്കേഷനുകളിലായി ഒരേ സമയം 102 പൊലീസ് സംഘങ്ങൾ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. 5,000 പൊലീസുകാർ റെയ്ഡിൽ പങ്കെടുത്തു. ആകെ 125 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുമുണ്ട്. ഒരൊറ്റ സംഘം എന്നതിനപ്പുറത്തേക്ക് തട്ടിപ്പ് സംഘങ്ങളുടെ ഒരു കൂട്ടായ്മ എന്നൊക്കെ പറയാവുന്ന വിധത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
പൊലീസ് പുറത്ത് വിട്ട വിവരങ്ങളനുസരിച്ച് വിവിധ രീതിയിലാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഫേസ്ബുക്ക് ഒഎൽഎക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കുറഞ്ഞ നിരക്കിൽ ബൈക്കുകളും കാറുകളും മൊബൈൽ ഫോണുകളുമൊക്കെ വാഗ്ദാനം ചെയ്ത് ഇരകളെ വശീകരിക്കുന്നതാണ് ഇതിലൊന്ന്. വലയിൽ വീണവരുടെ കൈയ്യിൽ നിന്നും കൊറിയർ, ഡെലിവറി ചാർജ് എന്ന പേരിലൊക്കെ പണം തട്ടിയെടുക്കും. സോഷ്യൽ മീഡിയയിൽ ആകർഷകമായ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ നഗ്നതാ പ്രദർശനത്തിന് പ്രേരിപ്പിച്ച് സ്ക്രീൻ റെക്കോർഡ് ചെയ്തും സംഘം പണം തട്ടിയിരുന്നു. തട്ടിപ്പുകൾ കേന്ദ്രീകരിക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞതിനേത്തുടർന്നാണ് കർശന നടപടികളിലേക്ക് ഹരിയാന പൊലീസ് കടന്നത്. റെയ്ഡിൽ, 166 വ്യാജ ആധാർ കാർഡുകളും അഞ്ച് പാൻ കാർഡുകളും 128 എടിഎം കാർഡുകളും 66 മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കൊപ്പം 99 സിം കാർഡുകളും അഞ്ച് പിഒഎസ് മെഷീനുകളും മൂന്ന് ലാപ്‌ടോപ്പുകളും കണ്ടെത്താൻ പൊലീസിനായി. തുടർച്ചയായ ചോദ്യം ചെയ്യലുകളിൽ കുറ്റവാളികളുടെ പ്രവർത്തനരീതിയെക്കുറിച്ചും റെയ്ഡിൽ കണ്ടെത്തിയ വ്യാജ സിം കാർഡുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുമുണ്ട്
രാജ്യത്തെ 14 ടെലിക്കോം സർക്കിളുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 347 സിം കാർഡുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. സ്വകാര്യ പൊതുമേഖല ബാങ്കുകളുടെ 219 അക്കൗണ്ടുകളും 140 യുപിഐ ഐഡികളും ഇവർ ഉപയോഗപ്പെടുത്തിയിരുന്നു. കുറ്റവാളികൾക്ക് വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണുകളും ലഭ്യമാക്കുന്ന ശൃംഖല തകർക്കാനായെന്നാണ് ഹരിയാന പൊലീസ് കരുതുന്നത്. കേസ് അന്വേഷണത്തിൽ സഹായിക്കാൻ നിയോഗിച്ച 40 സൈബർ വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ട് വരാനും പൊലീസിനായി. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രധാനമായും ഓൺലൈനായി ആക്റ്റീവ് ചെയ്തവയാണ്. അതും സാധാരണക്കാരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗപ്പെടുത്തി. ജോലിയും മറ്റും വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും മൊബൈൽ നമ്പറുകളും സംഘം കൈക്കലാക്കിയിരുന്നു. ഇവ ഉപയോഗിച്ചാണ് അക്കൌണ്ടുകളുടെ കെവൈസി ഓതന്റിക്കേഷൻ നടത്തിയത്. അന്വേഷണത്തിൽ വ്യാജ സിം കാർഡുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും പ്രധാന ഉറവിടം രാജസ്ഥാനിലെ ഭരത്പൂർ ജില്ലയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മൊത്തം 16 കേസുകളാണ് പിടിയിലായവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം പ്രവർത്തിച്ചിരുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 സൈബർ ക്രിമിനലുകളെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിൽ നിന്നും 20 പേർ, ഉത്തർപ്രദേശിൽ നിന്നും 19 പേർ, ഹരിയാനയിൽ നിന്നും 211 പേർ എന്നിങ്ങനെ നീളുന്നു കൂട്ടുപ്രതികളുടെ എണ്ണം. 18 -നും 35 -നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ എല്ലാവരും തന്നെ. മൂന്നോ നാലോ പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.