ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടില്‍ അള്‍സൂര്‍ ബസാറിന് സമീപമാണ് 1,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്.
”3D പ്രിന്റഡ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചതാണിത്. ഇന്ത്യ സ്വന്തമായി 4ജി, 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ടെലികോം സാങ്കേതികവിദ്യയുടെ ഡെവലപ്പറും നിര്‍മ്മാതാവുമായി ഇന്ത്യ ഉയര്‍ന്നുവരുമെന്ന് ആരും കരുതിയിരുന്നില്ല. രാജ്യത്തിന് ലോകോത്തര ട്രെയിന്‍ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും കഴിയുമെന്ന് ആരും കരുതിയിരുന്നില്ല,” കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
”ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടില്‍ കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. നമ്മുടെ രാജ്യത്തിന്റെ നവീകരണത്തിന്റെയും പുരോഗതിയുടെയും സാക്ഷ്യപത്രമാണിത്. പോസ്റ്റ് ഓഫീസിന്റെ പൂര്‍ത്തീകരണത്തിന് കഠിനാധ്വാനം ചെയ്തവര്‍ക്ക് അഭിനന്ദനങ്ങള്‍. ‘ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സില്‍ എഴുതി.