18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. രാത്രിയിലെ ഇന്‍റർനെറ്റ് ഉപയോഗം തടയുന്നതിനും ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്.
രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. ഈ സമയത്ത് 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ രണ്ടു മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റും 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂറും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.