ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം, ബജാജുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രസ്തുത സ്‌കൂട്ടറിന്റെ പരീക്ഷണ ഓട്ടത്തിനിടെയുളള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.സ്‌പോര്‍ട്ടി,മസ്‌ക്കുലാര്‍,ഇലക്‌ട്രിക്ക് സ്‌കൂട്ടറാണ് ബജാജും കെ.ടി.എമ്മും ചേര്‍ന്ന് പുറത്തിറക്കുന്നത് എന്നാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബജാജ് ഓട്ടോയുടെ പുതിയ അകുര്‍ദി പ്ലാന്റില്‍ ആയിരിക്കും സ്‌കൂട്ടര്‍ നിര്‍മിക്കുക എന്ന കാര്യത്തില്‍ ഏകദേശം തീര്‍ച്ചയായിട്ടുണ്ട്.
കെ.ടി.എമ്മിന്റെ റൈഡിംഗ് സ്യൂട്ട് ധരിച്ചാണ് പുറത്ത് വന്ന ചിത്രത്തില്‍ ഒരാള്‍ പ്രസ്തുത സ്‌കൂട്ടര്‍ ഓടിക്കുന്നത്. കെ.ടി.എം അതിന്റെ റാലി മോട്ടോര്‍ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന തരത്തിലുളള ഡ്യുവല്‍ പ്രൊജക്ടര്‍, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സ്ലീക്ക് സൈഡ് ബോഡി പാനലുകള്‍, മസ്‌കുലാര്‍ ഫ്രണ്ട് ഏപ്രണ്‍, 14 ഇഞ്ചിന്റെ അലോയ് വീലുകള്‍, അലുമിനിയം സ്വിംഗാര്‍, എയര്‍ കൂളിങ് ജാക്കറ്റ്, ഗ്രാബ് റെയില്‍ മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ട്.കൂടാതെ വാഹനത്തിന്റെ മുന്‍പിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്ക് സൗകര്യവുമുണ്ട്.
4kw,8kw എന്നിങ്ങനെ രണ്ട് തരം മോട്ടോറുകളാണ് ഈ സ്‌കൂട്ടറിലുളളത്. ഒറ്റചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്‌കൂട്ടറിന്, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.