ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേശ് ശിവനും. ഇരുവരുടെയും ഒന്നാംപിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മക്കള്‍ക്കൊപ്പമുള്ള ചിത്രംസഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.മക്കള്‍ പിറന്നശേഷം നയന്‍താരയുടെയും വിഘ്‌നേശിന്റെയും ലോകം അവരാണ്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള നയന്‍താരയുടെ വരവുപോലും രണ്ട് മക്കള്‍ക്കൊപ്പവുമുള്ള മാസ് വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ നയന്‍താരയോ വിഘ്‌നേശ് ശിവനോ പങ്കിട്ടിരുന്നില്ല.ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കിട്ടത്. വിഘ്‌നേശ് ശിവന്‍ തന്നെയാണ് അച്ഛന്‍-മക്കള്‍ സ്‌നേഹം വര്‍ണിക്കുന്ന പാട്ടിന്റെ വരികള്‍ സിനിമയ്ക്കായി എഴുതിയതും.
സെപ്തംബര്‍ ഇരുപത്തിയാറിനാണ് നയന്‍സിന്റെയും വിഘ്‌നേഷ് ശിവന്റെയും മക്കളായ ഉയിരിനും ഉലകത്തിനും ഒരുവയസ്സ് പൂര്‍ത്തിയായത്. മക്കളുടെ ആദ്യത്തെ പിറന്നാള്‍ മലേഷ്യയില്‍ വച്ചാണ് ഇരുവരും ആഘോഷമാക്കിയത്.വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനും എത്രയോ മീതെ, ജീവിതത്തില്‍ മറ്റെന്തിനേക്കാളും അച്ഛനും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞാണ് വിഘ്‌നേഷ് ശിവന്‍ കുറിപ്പ് പങ്കുവെച്ചത്. ജീവിതത്തിലേക്ക് കടന്നുവന്ന് അത് സന്തുഷ്ടമാക്കിയതിന് നന്ദിയെന്നും വിഘ്‌നേഷ് കുറിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകമെന്നും അനുഗ്രഹിക്കപ്പെട്ട ജീവിതമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.നയന്‍താരയ്ക്കും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ആദ്യഓണാഘോഷത്തിന്റെ ചിത്രങ്ങളും നേരത്തേ പങ്കുവെച്ചിരുന്നു.കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരിന്റേയും ഉലകത്തിന്റേയും ചിത്രങ്ങളാണ് അന്നു പോസ്റ്റ് ചെയ്തത്. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രം വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
വാടകഗര്‍ഭധാരണം വഴി പിറന്ന കുഞ്ഞുങ്ങള്‍ക്ക് ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍, ഉലക് ദൈവിക് എന്‍. ശിവന്‍ എന്നിങ്ങനെയാണ് പേരുകള്‍. എന്‍ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കാനാണെന്നും വിഘ്നേഷ് വ്യക്തമാക്കിയിരുന്നു. നയന്‍താരയുടെ പേരിന്റെ ആദ്യ അക്ഷരമായ എന്‍ ആണ് പേരുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്.