എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാകാൻ അപേക്ഷിക്കാം

Advertisements
Advertisements

സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ- എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്‌സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്ക് അപേക്ഷ നൽകണം.
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 06.30 നും രാത്രി 08.00 നും കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി പ്രത്യേക ക്ലാസുകൾ സംപ്രേഷണം ചെയ്യും.
അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്‌സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തിയുള്ള 3D ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും. സ്‌കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.
രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിങ്, കൈറ്റ് വിക്ടേഴ്‌സിലെ സ്‌കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്‌കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in ൽ ലഭ്യമാണ്

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights