ആറു തവണ ഒളിമ്പിക് സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയ ബ്രിട്ടീഷ് ഇതിഹാസ സൈക്ലിസ്റ്റ് ക്രിസ് ഹോയ് കടന്നുപോയത് പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെ. പുതിയ പുസ്തകമായ ‘ഓള്‍ ദാറ്റ് മാറ്റേഴ്‌സി’ല്‍ അതേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ക്രിസ്. സൈക്കിളില്‍ ബാലന്‍സ് തെറ്റാതെ സ്വര്‍ണത്തിലേക്ക് ചവിട്ടിയെത്തിയ ക്രിസിന്റെ ജീവിതം അര്‍ബുദത്തിന്റെ രൂപത്തിലെത്തിയ വിധി മാറ്റിയെഴുതുകയായിരുന്നു. ക്രിസിന് അര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യ സാറയ്ക്ക് മള്‍ട്ടിപ്പിൾ സ്ക്ലിറോസിസാണെന്നും കണ്ടെത്തി. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗമാണ് മള്‍ട്ടിപ്പിൾ സ്ക്ലിറോസിസ്. ആ സമയത്തെ തന്റെ അവസ്ഥ വിവരിക്കാനാകില്ലെന്നും ക്രിസ് പറയുന്നു.
അര്‍ബുദം കണ്ടെത്തിയപ്പോഴേക്കും ഗുരുതമായ അവസ്ഥയിലെത്തിയിരുന്നു. സ്‌റ്റേജ് 4-ല്‍ ആണുള്ളതെന്നും നാല് വര്‍ഷത്തോളം മാത്രമേ ജീവിച്ചിരിക്കൂവെന്നും ക്രിസിനോട് ഡോക്ടര്‍ പറഞ്ഞു. ചുമലിന് കടുത്ത വേദന അനുഭവപ്പെട്ടതിനാല്‍ ക്രിസ് ഡോക്ടറെ കാണുകയായിരുന്നു. ജിമ്മില്‍ വര്‍ക്കഔട്ടിനിടയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും എന്നാണ് ക്രിസ് കരുതിയത്. എന്നാല്‍ തോളിലും ഇടുപ്പിലും നട്ടെല്ലിനും വാരിയെല്ലിലും മുഴകള്‍ കണ്ടെത്തി. തന്റെ ‘കീമോതെറാപ്പി ചെയ്താല്‍ രക്ഷപ്പെടുമോ എന്ന് ആര്‍ക്കും ഉറപ്പ് തരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പ്രവചനങ്ങള്‍ക്കപ്പുറം പ്രതീക്ഷ നല്‍കുന്ന ഫലം കൈവരിച്ചു. ജീവിതത്തില്‍ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്റെ മുത്തച്ഛനും അച്ഛനും പ്രോസ്‌റ്റേറ്റ് കാന്‍സറായിരുന്നു. ഞാനും അര്‍ബുദത്തിന്റെ അതേ വഴിയിലെത്തി.’ ക്രിസ് എഴുതുന്നു.
എന്നാല്‍ അടുത്ത പരീക്ഷണം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ച് മാസങ്ങള്‍ക്കുശേഷം സാറയ്ക്ക് മള്‍ട്ടിപ്പിൾ സ്ക്ലിറോസിസാണെന്ന് കണ്ടെത്തി.’ മുഖത്തും നാവിലും നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സാറ ഡോക്ടറെ സമീപിച്ചത്. മള്‍ട്ടിപ്പിൾ സ്ക്ലിറോസിസാണ് തനിക്കെന്ന് നവംബറില്‍ സാറ തിരിച്ചറിഞ്ഞെങ്കിലും ഒരു മാസം അവർ തന്നോടത് രഹസ്യമാക്കിവെച്ചുവെന്നും ക്രിസ് വിവരിക്കുന്നു.
തലച്ചോറും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിനിമയത്തില്‍ തകരാറ് സംഭവിച്ചതിനാല്‍ താക്കോല്‍ ഉപയോഗിച്ച് വാതില്‍പോലും പൂട്ടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സാറ. എന്നാല്‍ അവര്‍ അതൊന്നും പുറത്തുകാണിച്ചില്ലെന്ന് ക്രിസ് പറയുന്നു. ‘നമ്മള്‍ എന്തുമാത്രം ഭാഗ്യവാന്‍മാരാണെന്ന് അവള്‍ എപ്പോഴും പറയും. നമുക്ക് ബാധിച്ചത് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമല്ലേ എന്നും ചികിത്സയില്ലാത്ത രോഗത്തിന്റെ തീവ്രത അനുഭവിക്കുന്ന ഒരുപാട് പേരില്ലേ എന്നും അവള്‍ ആശ്വസിപ്പിക്കാനായി പറയും.
Advertisements
Advertisements
Advertisements