ഒട്ടുമിക്ക എനര്‍ജി ഡ്രിങ്കുകളിലും ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും കണ്ടു വരുന്ന ഒരു പദാര്‍ത്ഥമാണ് ടോറിന്‍. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍, ഇത് അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, പ്രായമാകുന്ന പ്രക്രിയ മന്ദീഭവിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യ ശരീരത്തിലെ കോശങ്ങളെ പ്രവര്‍ത്തനോന്മുഖമാക്കുന്ന ഈ രാസവസ്തുവിന് ഒരു മൃതസഞ്ജീവനിയായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് അവര്‍ പറയുന്നത്. അതുവഴി ആയുസ്സ് നീട്ടാനും ആകും.
സാധാരണയായി മനുഷ്യ ശരീരത്തില്‍ സ്വാഭാവിക സാന്നിദ്ധ്യമുള്ള ഈ രാസവസ്തു, ഇറച്ചി, മീന്‍ പോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളിലും കണ്ടു വരുന്നുണ്ട്. പ്രായമേറുന്നതോടെ ശരീരത്തിലെ ടോറിന്റെ അളവില്‍ 80 ശതമാനം വരെ കുറവുണ്ടാകുന്നു എന്നാണ് ന്യുയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, ഈ രാസവസ്തു എലികളില്‍ പ്രയോഗിച്ചപ്പോള്‍, പ്രായമായ പല എലികള്‍ക്കും യൗവ്വനം വലിയൊരു പരിധിവരെ തിരികെ നേടാനായി എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
മനുഷ്യരില്‍ ഇത് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. വിജയ് യാദവ് പറയുന്നത്. എന്നാല്‍, ചില മൃഗങ്ങളില്‍ ഇത് പ്രയോജനം ചെയ്തു. മനുഷ്യരില്‍ ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുവാന്‍ വ്യാപകമായ പരീക്ഷണം തന്നെ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ദിവസേന നിശ്ചിത അളവില്‍ ടോറിന്‍ കലര്‍ന്ന പൂരിതാഹരങ്ങള്‍ കഴിച്ച് മനുഷ്യര്‍ക്ക് കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പഠിക്കുന്നതാണ് ഈ പരീക്ഷണം.
എലികളില്‍ അവയുടെ യൗവ്വന കാലയളവ് 10 മുതല്‍ 12 ശതമാനം വരെയും ആയുസ്സ് 18 മുതല്‍ 25 ശതമാനം വരെയും വര്‍ദ്ധിപ്പിക്കാന്‍ ടോറിന്‍ സഹായിക്കുന്നതായി കണ്ടെത്തി. സമാനമായ ഫലം കുരങ്ങുകളില്‍ പരീക്ഷിച്ചപ്പോഴും ലഭിച്ചു. റെഡ് ബുള്‍ പോലുള്ള എനര്‍ജി ഡ്രിങ്കുകളില്‍ ഈ രാസ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇത് മനുഷ്യര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഉപകാരപ്രദമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.