ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി ചൈനയില്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും

Advertisements
Advertisements

ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ സജ്ജമായി ചൈന. ആകാശത്തിന്റെ വിശാലമായ നിരീക്ഷണത്തിനുള്ള സാധ്യതയാണ് ചൈന ഈ ദൂരദര്‍ശിനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജ്യോതിശാസ്ത്രസംബന്ധിയായ സംഭവവികാസങ്ങള്‍ തടസമോ താമസമോ കൂടാതെ നിരീക്ഷിക്കുന്നതിനും ബഹിരാകാശഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകുന്നതിനാണ് ദൂരദര്‍ശിനി സ്ഥാപിക്കുന്നതെന്ന് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമമായ ഷിന്‍ഹുവ ന്യൂസ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ കീഴില്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓഫ് ചൈനയും പര്‍പ്പിള്‍ മൗണ്ടെയ്ന്‍ ഒബ്‌സര്‍വേറ്ററിയും സംയുക്തമായാണ് ദൂരദര്‍ശിനി വികസിപ്പിച്ചത്. സെപ്റ്റംബര്‍ മധ്യത്തോടെ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാകും. 2.5 മീറ്റര്‍ വ്യാസമുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ടെലിസ്‌കോപ്പ് (WFST) ഉത്തരാര്‍ധഗോളത്തിലെ ഏറ്റവും വലിപ്പമേറിയ ദൂരദര്‍ശിനിയാണെന്ന് ഷിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ വീദുരമായ ക്ഷീരപഥങ്ങളുള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള അവ്യക്തവും വിദൂരവുമായ ബാഹ്യാകാശ സിഗ്നലുകള്‍ കണ്ടെത്താന്‍ ദൂരദര്‍ശിനിയ്ക്ക് സാധ്യമാകുമെന്ന് ക്വിന്‍ഗായ് ഒബ്‌സര്‍വേറ്ററി സ്‌റ്റേഷന്റെ ചീഫ് എന്‍ജിനീയറായ ലൂ ഷെങ് പറഞ്ഞു. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആകാശവസ്തുക്കളെ കൃത്യമായി തിരിച്ചറിയുന്നതിനും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കുന്നതിനും ഈ ദൂരദര്‍ശിനി ചൈനയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് തത്വശാസ്ത്രജ്ഞനായ മോസി അഥാവാ മിസിയസിന്റെ പേരാണ് ദൂരദര്‍ശിനിയ്ക്ക് നല്‍കിയിരിക്കുന്നത്.

2019 ജൂലായില്‍ ലെങ്ഗു പട്ടണത്തിലാണ് ദൂരദര്‍ശിനിയുടെ നിര്‍മാണം ആരംഭിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 4000 മീറ്റര്‍ ഉയരത്തിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ചൈനയുടെ മാഴ്‌സ് ക്യാമ്പെന്നും ഈ പട്ടണം അറിയപ്പെടുന്നു. മരുഭൂ സമാനമായ അല്‍പം ഭീതി ജനിപ്പിക്കുന്ന ഈ ഭൂപ്രദേശം ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിന് സമാനമായതാണ് കാരണം. വ്യക്തമായ ആകാശനിരീക്ഷണം സാധ്യമായതിനാലും ഏറെക്കുറെ സ്ഥായിയായ അന്തരീക്ഷവും വരണ്ട കാലാവസ്ഥയും മറ്റും ദൂരദര്‍ശിനിയുടെ നിര്‍മാണം ഇവിടെയാക്കാന്‍ ഇടയാക്കി. 2020 മുതലുള്ള കാലയളവില്‍ 11 ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും 12 ദൂരദര്‍ശിനി പദ്ധതികളും ലെങ്ഗു കേന്ദ്രമാക്കി ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വാനനിരീക്ഷണ ആസ്ഥാനമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഈ പട്ടണം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights