ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ഗഗൻയാൻ ബഹിരാകാശ യാത്രികരുടെ ഫസ്റ്റ് ലുക്ക് ഇന്ത്യൻ വ്യോമസേന പങ്കുവെച്ചിരിക്കുകയാണ്. വ്യോമസേന ബഹിരാകാശ യാത്രികരുടെ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
91-ാം ഇന്ത്യൻ വ്യോമസേനാ ദിനാചാരണത്തിന്റെ ഭാഗമായി എയർഫോഴ്സ് പുറത്തുവിട്ട വീഡിയോ ക്ലിപ്പിലാണ് ഇവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശത്തേക്കുള്ള ഇസ്രോയുടെ ആദ്യ ആൾ ദൗത്യമാണ് ഗഗൻയാൻ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിനായി വ്യോമസേന പൈലറ്റുമാരെയാണ് ഇസ്രോ തിരഞ്ഞെടുത്തത്. ഒന്നിലധികം റൗണ്ടുകളിലൂടെ നടത്തിയ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് യാത്രികരെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യ ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു ദൗത്യം നടത്തിയിട്ടില്ലാത്തതിനാൽ പരിചയ സമ്പന്നരായ ബഹിരാകാശ യാത്രികർ ഇസ്രോയ്ക്ക് സ്വന്തമായി ഇല്ലായിരുന്നു. അതിനാലാണ് ഇന്ത്യൻ എയർഫോഴ്സ് പൈലറ്റുമാരിൽ നിന്നും അനുയോജ്യമായവരെ തിരഞ്ഞെടുത്തത്.