മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള തിരക്കില്‍ ആ നമ്പറില്‍ തന്നെ അയാള്‍ ഫോണ്‍ ചെയ്യുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഈ ഓർഡറിന്റെ ബിൽ അയക്കുന്നുണ്ടെന്നും ഫോണിൽ ലഭിക്കുന്ന ഓടിപി നൽകണമെന്നും തട്ടിപ്പുകാരൻ നിർദേശം നൽകി. ഒടിപി നല്‍കിയതോടെ മുംബൈ സ്വദേശിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.2 ലക്ഷം നഷ്ടമായി.
ഇക്കാര്യം അറിഞ്ഞതോടെ, ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീപക് വൈന്‍സ്, ഷാ വൈന്‍സ്, പീകേ വൈന്‍സ് പോലുള്ള പേരുകളില്‍ ഇന്റര്‍നെറ്റ് വഴി ഫോണ്‍ നമ്പറുകള്‍ പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കുകയാണ് തട്ടിപ്പുകാര്‍. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ 44782 രൂപ നഷ്ടമായിരുന്നു. മദ്യഷോപ്പ് ഉടമയായി ചമഞ്ഞായിരുന്നു ഈ തട്ടിപ്പും. മദ്യശാല ഉടമകളാരും തന്നെ ബില്‍ നല്‍കുന്നതിനായി പണം ആവശ്യപ്പെടുകയോ ഓടിപി ആവശ്യപ്പെടുകയോ ഇല്ല. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഓടിപി ചോദിച്ചും ഇവര്‍ പണമിടപാട് നടത്തുകയില്ല. ഓണ്‍ലൈനില്‍ ലഭ്യമായ ഫോണ്‍നമ്പറുകളെ പാടെ വിശ്വസിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.