ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച നിരവധി സ്ത്രീകളുണ്ട് ഈ ലോകത്തില്‍. ധീരയായ ഈ വനിതകള്‍ക്കൊപ്പം മറ്റൊരു പേര്‍കൂടി ചേര്‍ക്കപ്പെടുകയാണ്. ജീവിതത്തില്‍ നേരിട്ട എല്ല പ്രതിബന്ധങ്ങളെയും മറികടന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി എടുത്ത സാകെ ഭാരതി എന്ന സ്ത്രീയാണ് യുവതലമുറയ്ക്ക് പ്രചോദനമാകുന്നത്. ദാരിദ്രവും സ്വന്തമായ ഒരു വീടില്ലാത്തതുമായ നിരവധി ബുദ്ധിമുട്ടിലൂടെ അവള്‍ കടന്ന് പോയി. അതിനിടെ വിവാഹിതയായി. അമ്മയായി. പക്ഷേ, തന്റെ സ്വപ്നത്തെ പുറതിലുപേക്ഷിക്കാന്‍ അവള്‍ തയ്യാറായില്ല. എല്ലാ പ്രതിബന്ധങ്ങള്‍ക്ക് മുന്നിലും അവള്‍ പേരാടി. ഒടുവില്‍ വിജയം അവളെ തേടിയെത്തുകയായിരുന്നു.
മൂന്ന് സഹോദരിമാരില്‍ മൂത്തവളാണ് സാകെ ഭാരതി. ദാരിദ്രം കാരണം ആറുവര്‍ഷമായി, ഒരു കാര്‍ഷിക ഫാമിലെ ദിവസ വേതനക്കാരയാണ് ഭാരതി. ഇതിനിടെയാണ് അവള്‍ തന്റെ ബിരുദ പഠനം ആരംഭിക്കുന്നത്. അതിനും മുമ്പ് സ്‌കൂള്‍ പഠനകാലത്ത് സാമ്പത്തിക പ്രശ്‌നം രൂക്ഷമായപ്പോള്‍ അച്ഛന്‍ മകളോട് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുത്തച്ഛനാണ് അവളെ വീണ്ടും പഠിക്കാനായി നിര്‍ബന്ധിച്ചത്. സ്‌കൂള്‍ കാലം കഴിയുമുമ്പേ മുത്തച്ഛന്‍ മരിച്ചു. 12 -ാം ക്ലാസ് ജയിച്ചതിന് പിന്നാലെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ അമ്മാവനെ അവള്‍ക്ക് വിവാഹം കഴിക്കേണ്ടി വന്നു. പക്ഷേ, ഭര്‍ത്താവ് ശിവപ്രസാദ് തന്റെ സ്വപ്നങ്ങള്‍ക്കും കൂട്ടായിരിക്കുമെന്ന് ഭാരതി ഒരിക്കലും കരുതിയില്ല. ശിവപ്രസാദ് ഭാരതിയെ തുടര്‍ന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു
Inspiring story of #SakeBharathi from #Anantpur #AndhraPradesh: Married off after class 12 to maternal uncle as she was eldest among 3 girls, fulfilled duties as daily wage labourer, wife, mother of 11-year-old but she did not give up, earned Ph.D in chemistry @ndtv @ndtvindia pic.twitter.com/JbSkVTLn4N
— Uma Sudhir (@umasudhir) July 19, 2023
‘ഭര്‍ത്താവ് ശിവപ്രസാദിന് എന്റെ പഠനം തുടരാന്‍ എന്നേക്കാള്‍ താല്‍പ്പര്യമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിദ്യാഭ്യാസം മാത്രമാണ് വഴിയെന്ന് അദ്ദേഹം പറയും. ‘എന്ത് വന്നാലും’ എന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറയും. അദ്ദേഹം വാക്ക് പാലിച്ചു,’ ഡോ ഭാരതി എന്‍ഡിടിവിയോട് പറഞ്ഞു. സ്വപ്നത്തിന് വേണ്ടി അവള്‍ രാവും പകലും കഠിനാധ്വാനം ചെയ്തു. കോളേജ് ഇല്ലാത്തപ്പോഴൊക്കെ അടുത്തുള്ള കാര്‍ഷിക ഫാമില്‍ ദിവസക്കൂലിക്ക് പോയി. രാവിലെ കുടുംബത്തിനുള്ള ഭക്ഷണവും മറ്റും തയ്യാറാക്കി വച്ച്, കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച് ദീര്‍ഘ ദൂരം നടന്ന് അവള്‍ കോളേജിലേക്കുള്ള ബസ് കയറി. കഠിനാധ്വാനത്തിന് അവസാനം ഫലമുണ്ടായി.
‘ആന്ധ്രാപ്രദേശില്‍ നിന്നുള്ള സാകെ ഭാരതിയുടെ പ്രചോദനാത്മകമായ കഥ: 12-ാം ക്ലാസിന് ശേഷം അമ്മാവനെ കല്യാണം കഴിച്ചു, 3 പെണ്‍കുട്ടികളില്‍ മൂത്തവളായിരുന്നു അവള്‍. ദിവസക്കൂലിക്കാരി, ഭാര്യ, 11 വയസ്സുകാരന്റെ അമ്മ എന്നീ ചുമതലകള്‍ നിറവേറ്റി, പക്ഷേ, അവള്‍ തളര്‍ന്നില്ല, സമ്പാദിച്ചു. രസതന്ത്രത്തില്‍ പിഎച്ച്.ഡി,” Uma Sudhir എന്ന ട്വിറ്റര്‍ ഉപയോക്താവ് ഡോ. സാകെ ഭാരതിയെ കുറിച്ച് ട്വീറ്റ് ചെയ്തു കൊണ്ട് കുറിച്ചു. ഈ ട്വീറ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് ഭാരതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.