വിഷു മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായാണ് പുലർച്ചെ കണി കാണുന്നതും കുടുംബത്തിലെ മുതിർന്നവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കുന്നതും. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കു പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. എങ്കിലും കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്.
വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?
സമ്പൽസമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി. ഭൂമിയിലെ ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി , നിലവിളക്ക് , വാൽക്കിണ്ടി എന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ.
വിഷുവിന്റെ തലേന്ന് കുടുംബനാഥയോ മുതിർന്നവരോ വേണം കണിയൊരുക്കാൻ. കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് .അതിൽ വീട്ടുമുറ്റത്തുള്ള പൂക്കൾ കൊണ്ട് മാലകോർത്തിടുന്നത് ഉത്തമമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ ഓട്ടുരുളിയിൽ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ആദ്യം സ്വർണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക. പിന്നീട് ചക്ക, പൊതിച്ച നാളികേരം ,മാങ്ങ, കദളിപ്പഴം ,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക . ചക്കയും നാളികേരവും ഗണപതിയുടെ ഇഷ്ടഭക്ഷണമാണ്. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയങ്കരമാണ്. നാരങ്ങയും നെല്ലിക്കയും ലക്ഷ്മീ ദേവി സങ്കൽപ്പത്തിൽ വയ്ക്കുന്നതാണ് .
ശ്രീഭഗവതിയെ സങ്കൽപ്പിച്ചു ഓട്ടുരുളിയുടെ നടുക്കായി വാൽക്കണ്ണാടി വയ്ക്കുക. അതിൽ സ്വർണ്ണമാല ചാർത്തുക. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ഏറ്റവും പ്രധാനമായ കണിക്കൊന്നപ്പൂക്കൾ വയ്ക്കുക. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമായും, കൊന്നപ്പൂക്കൾ കിരീടമായും വാൽക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കൽപ്പം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുതാലത്തിൽ അലക്കിയ കസവുമുണ്ട് ,ഗ്രന്ഥം ,കുങ്കുമച്ചെപ്പ് ,കണ്മഷി ,വെറ്റിലയിൽ നാണയത്തുട്ടും പാക്കും എന്നിവ വയ്ക്കുക . നവധാന്യങ്ങളും വയ്ക്കുന്നത് നന്ന്. ലക്ഷ്മീദേവിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. കണികണ്ടശേഷം നവധാന്യങ്ങൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്
പീഠത്തിൽ നിലവിളക്കുവച്ചു എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പൂക്കൾ, കൊടിവിളക്ക് എന്നിവ പിറ്റേന്നേക്കായി ഒരുക്കി വയ്ക്കുക. ദീപപ്രഭമൂലമുള്ള നിഴൽ കൃഷ്ണ വിഗ്രഹത്തിൽ പതിക്കാത്ത രീതിയിലാവണം വിളക്കിന്റെ സ്ഥാനം. വിഷുദിനത്തിൽ നിലവിളക്കിന്റെ സ്വർണവെളിച്ചത്തിൽ ഉണ്ണിക്കണ്ണനെയും ധനവും ധാന്യങ്ങളും ഫലങ്ങളും കണികണ്ടുണരുമ്പോൾ ഐശ്വര്യപൂർണ്ണമായ ജീവിതകാലഘട്ടമാണ് നാമോരോരുത്തർക്കും ലഭിക്കുക
Advertisements
Advertisements
Advertisements