ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം പ്രതികാര കഥയാകും പറയുക എന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിൽ സൂചിപ്പിച്ചപോലെ വയലൻസ് നിറഞ്ഞ ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രമായിരിക്കുമെന്ന് ആരാധകരുടെ കണക്കുകൂട്ടലുകൾ ഒന്നും തെറ്റിക്കാതെയായിരുന്നു റേച്ചല്‍ എന്നാണ് ടീസർ പുറത്തിറങ്ങിയത്.
ഒരു വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. അഭിനയ രംഗത്തെ തന്റെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ എന്ന് ടീസറിലൂടെ തന്നെ ഹണി റോസ് തെളിയിക്കുന്നുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്. ഇഷാൻ ഛബ്രയാണ് സംഗീതം.