കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകരെ സംസ്ഥാന സർക്കാർ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി. കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാ ലോകത്ത് നിലവിൽ നേടിയ നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും പ്രമുഖ സംവിധായകനുമായ ഷാജി എൻ. കരുൺ സ്വാഗതമാശംസിച്ചു.
മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖൊബ്രഗഡേ, സാംസ്‌കാരിക വകുപ്പു ഡയറക്റ്റർ എൻ. മായ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ സംബന്ധിച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്.