യൂണിഫോമും തിരിച്ചറിയൽ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസഷൻ ആവശ്യപ്പെട്ട വിദ്യാർഥിനിയെ ചോദ്യം ചെയ്തതിന്റെ പേരിൽ കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി യാത്രക്കാരിയായ പെൺകുട്ടി. ആരുടെയെങ്കിലും കൂടെ കറങ്ങാൻ പോയതാണോ എന്ന് കണ്ടക്ടർ ചോദിച്ചുവെന്ന് പെൺകുട്ടി പറഞ്ഞു.
സംഭവത്തെക്കുറിച്ച് കുട്ടി പറയുന്നതിങ്ങനെ: ‘‘സ്കൂൾ വിട്ടു തിരുനക്കര ബസിൽ വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു ഞാൻ. യൂണിഫോം കിട്ടാത്തതിനാൽ കളർ ഡ്രസാണ് ഇട്ടിരുന്നത്. ടിക്കറ്റെടുക്കാൻ നേരം സ്റ്റുഡന്റ്സ് കൺസഷൻ ടിക്കറ്റിനുള്ള കാശ് കൊടുത്തപ്പോൾ യൂണിഫോമില്ലാത്തതിനാൽ എസ്ടി തരാൻ പറ്റില്ലെന്ന് കണ്ടക്ടർ പറഞ്ഞു. യൂണിഫോം കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ കൊച്ചിനെ കണ്ടാൽ സ്കൂളിൽ പോയെന്ന് പറയില്ലല്ലോ കാമുകനൊപ്പം കറങ്ങാൻ പോയതാണോ എന്നാണ് കണ്ടക്ടർ യാത്രക്കാരെല്ലാം കേൾക്കെ ചോദിച്ചത്. എസ്ടി തരണമെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കാൻ പറഞ്ഞു. എന്റെ കയ്യിൽ കാർഡുണ്ടായിരുന്നില്ല. എസ്ടിക്കുള്ള പൈസ മാത്രമാണ് ഉണ്ടായിരുന്നത്.
കണ്ടക്ടറുടെ സംസാരം മാനസിക വിഷമമുണ്ടാക്കിയതു കൊണ്ടാണ് വീട്ടിലെത്തി സഹോദരന്മാരോട് കാര്യം പറഞ്ഞത്. അച്ഛൻ മരിച്ചുപോയി. അമ്മ വിദേശത്താണ്. ചേട്ടന്മാർ മാത്രമാണ് ഒപ്പമുള്ളത്. തന്നോട് മോശമായി സംസാരിച്ചത് ചോദിക്കാനാണ് സഹോദരന്മാർ വന്നത്. എന്നാൽ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ഇത് ചോദിച്ചാണ് തല്ലുണ്ടായത്. ഈ സംഭവത്തിനുശേഷം അവർ വീട്ടിൽ വന്നിരുന്നു. ആ സമയം ഞാൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചേട്ടന്മാരെ അടിക്കുമെന്നൊക്കെ പറഞ്ഞിട്ടാണ് പോയത്’’–കുട്ടി പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മാളികക്കടവ്–കോട്ടയം റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ പ്രദീപിനാണ് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മർദിച്ച യുവാക്കളുടെ പേരിൽ കേസെടുത്തിരുന്നു. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് കണ്ടക്ടറുടെ പേരിലും പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.