കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ ഓര്‍മ്മകളില്‍ രാജ്യം. കാര്‍ഗില്‍ മലനിരകളില്‍ പാകിസ്താനുമേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. കാര്‍ഗില്‍ സമുദ്രനിരപ്പില്‍ നിന്ന് 18000 അടി വരെ ഉയരത്തില്‍ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന അതിര്‍ത്തി പ്രദേശമാണ്. തണുപ്പ് മൈനസ് 30 മുതല്‍ 40 ഡിഗ്രി വരെ താഴുന്ന അതിശൈത്യകാലത്ത് മലമുകളിലെ സൈനിക പോസ്റ്റുകളില്‍നിന്ന് താഴ്വാരത്തേക്കിറങ്ങുകയെന്നത് ഇന്ത്യാ-പാക്ക് സൈനികര്‍ക്കിടയിലെ അലിഖിത ധാരണയാണ്. കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ 1999 ലെ മെയ് മാസത്തില്‍ പക്ഷേ പാകിസ്താന്‍ ആ ധാരണ തെറ്റിച്ചു. മഞ്ഞിനെ മറയാക്കി നിയന്ത്രണരേഖയും കടന്ന് കാര്‍ഗില്‍ മലനിരകളിലെ അതിപ്രധാന സൈനിക പോസ്റ്റുകളില്‍ പാക് സൈന്യം ഇരിപ്പുറപ്പിച്ചു.
കാണാതെ പോയ യാക്ക് മൃഗങ്ങളെ അന്വേഷിച്ചിറങ്ങിയ തഷി നംഗ്യാല്‍ എന്ന ഇടയനാണ് മലമുകളിലെ പാക് നുഴഞ്ഞുകയറ്റം ആദ്യമറിഞ്ഞത്. സൂചന പിന്തുടര്‍ന്ന് പട്രോളിങ്ങിറങ്ങിയ ക്യാപ്റ്റന്‍ സൌരഭ് കാലിയയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം തിരിച്ചുവന്നില്ല. അനേകായിരം അടി പൊക്കമുള്ള ചെങ്കുത്തായ മലനിരകള്‍ക്ക് മുകളില്‍ ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ സൈനിക പോരാട്ടം.
ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് യുദ്ധവിമാനങ്ങളും താഴ്വാരത്തുനിന്ന് കരസേനയുടെ ബോഫോഴ്‌സ് പീരങ്കികളും ആക്രമണത്തിന്റെ ആക്കം കൂടി. ആദ്യം ടോലോലിങ്, പിന്നാലെ തന്ത്രപ്രധാനമായ Point 4590 ഉം Point 5140 ഉം. ജൂലൈ 5 ന് ടൈഗര്‍ ഹില്ല് കൂടി പിടിച്ചെടുത്തതോടെ പാക് സൈന്യം പരാജയം സമ്മതിച്ചു. കരസേനയുടെ ഓപ്പറേഷന്‍ വിജയിക്കൊപ്പം വ്യോമസേനയുടെ സഫേദ് സാഗറും നാവികസേനയുടെ ഓപ്പറേഷന്‍ തല്‍വാറും സമ്പൂര്‍ണ്ണം. 1999 മെയ് 8-ന് ആരംഭിച്ച യുദ്ധത്തില്‍ 1999 ജൂലൈ 14-ന് ഇന്ത്യ പാകിസ്താന് മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായും അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.
തോറ്റ് മടങ്ങിയ പാക് സൈന്യം പക്ഷേ യുദ്ധത്തില്‍ തങ്ങളുടെ പങ്ക് നിഷേധിച്ചു. തീവ്രവാദികളില്‍ കുറ്റം ചുമത്തി കൈകഴുകാന്‍ ശ്രമിച്ചെങ്കിലും യുദ്ധത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ പാക് സൈന്യമാണെന്ന് പിന്നീട് തെളിഞ്ഞു. പോരാട്ടത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കാര്‍ഗിലില്‍ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി. എല്ലാ ജൂലൈ 26 നും ടോലോലിംഗ് താഴ്വരയിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ രാജ്യ മനസാക്ഷി ഒത്തുകൂടും. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച 527 ധീരയോദ്ധാക്കളുടെ ഓര്‍മ്മക്കായി.