കൽക്കി 2898 എഡി എന്ന ബ്രഹ്മാണ്ഡ സിനിമയിലെ സൂപ്പർ കാർ ബുജ്ജിക്ക് ശബ്ദം നൽകുന്ന കീർത്തി സുരേഷിന്റെ ‘ക്യൂട്ട്’ വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. പല ഭാഷകളിൽ പുറത്തിറങ്ങിയ കൽക്കി സിനിമയിൽ എല്ലാ ഭാഷയിലും ബുജ്ജി എന്ന സൂപ്പർ കാറിനു ശബ്ദം നൽകിയത് കീർത്തി സുരേഷാണ്. സിനിമയ്ക്കൊപ്പം സൂപ്പർ ഹിറ്റാണ് ബുജ്ജിയും. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ആ കഥാപാത്രത്തിന്റെ വിജയത്തിൽ കീർത്തി സുരേഷ് വഹിച്ച പങ്കു വെളിപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഡബിങ് വിഡിയോ. എല്ലാ ഭാഷകളിലുമുള്ള കീർത്തിയുടെ ഡബ്ബിങ് പ്രവീണ്യത്തെ പുകഴ്ത്തുകയാണ് പ്രേക്ഷകർ. കീർത്തിയെപോലെത്തന്നെ ‘ക്യൂട്ടാണ്’ ബുജ്ജിയും എന്നാണ് ഒരുപാടു ലൈക്കുകൾ കിട്ടിയ ഒരു കമന്റ്. ‘കീർത്തി ഇനി മഹാനടി അല്ല, മിടുക്കി ബുജ്ജിയാണ്’ എന്നും കമന്റുകളുണ്ട്.
സൂപ്പർ കാറാണ് ബുജ്ജി. സംസാരിക്കും, തറുതല പറയും, ചിലപ്പോഴൊക്കെ ബുദ്ധി ഉപദേശിക്കും. ഇവയെല്ലാം കൂൾ ആയി പ്രേക്ഷകർക്കു മുൻപിലെത്തിക്കുന്നത് കീർത്തിയുടെ ശബ്ദത്തിലൂടെയാണ്. അൽപം ഫ്രീഡം എടുത്താണ് കീർത്തി ബുജിക്ക് ഡബ് ചെയ്തതെന്ന് സിനിമയുടെ സംഭാഷണങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഡബ്ബ് ചെയ്യിച്ച ‘വോക്‌സ്കോം’ എന്ന പ്രൊഡക്ഷൻ ഹൗസ് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘വോക്‌സ്കോം’ പ്രൊഡക്ഷൻ ഹൗസിലെ അജിത് കുമാറിന്റെ വാക്കുകൾ ഇങ്ങനെ: ”എല്ലാ ഭാഷയിലും കീർത്തി ആണ് ചെയ്‌തത്. കീർത്തി എല്ലാ ഭാഷയും ഒഴുക്കോടെ സംസാരിക്കും. കൽക്കിയുടെ സംവിധായകൻ ചെയ്ത ആദ്യ സിനിമയായ മഹാനടിയിൽ കീർത്തി ആയിരുന്നു നായിക. കീർത്തി തെലുങ്ക് സിനിമകൾ ഒക്കെ ചെയ്തിട്ടുള്ളതുകൊണ്ടു സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കീർത്തിക്ക് മനസിലാകും. പ്രഭാസിന്റെ കഥാപത്രവും ബുജിയും തമ്മിൽ കോമഡി പറയുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് കുറച്ച് രസകരമായി വേണം ആ കഥാപാത്രം ചെയ്യാൻ! കീർത്തി അവരുടേതായ രീതിയിൽ അൽപം ഫ്രീഡം എടുത്താണ് ഡബ് ചെയ്തത്. അതു വളരെ ഭംഗിയായി വരികയും ചെയ്തു. ആ കഥാപാത്രത്തെക്കൊണ്ട് ഉദേശിച്ചത് വളരെ ക്യൂട്ട് ആയി കീർത്തി ചെയ്‌തു.”