ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി കുറച്ചതോടെ ഇവി നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ നിര്‍ബന്ധിതരായതോടെ ഉപഭോക്താക്കള്‍ ഷോറൂമുളില്‍ നിന്നകന്നു. അവരെ വീണ്ടും ആകര്‍ഷിക്കാനായി കുറഞ്ഞ വിലയില്‍ ഒത്തിരി മോഡലുകള്‍ ഇവി നിര്‍മാതാക്കള്‍ സമീപകാലത്തായി വിപണിയില്‍ എത്തിച്ചു.
ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ മുമ്പന്മാരായ ഏഥര്‍ എനര്‍ജി അടുത്തിടെയാണ് 1.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഒരു ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കിയത്. ഒന്നാമന്മാരായ ഓല ഇലക്ട്രിക്കിന്റെ S1 എയറിന്റെ എതിരാളിയായാണ് ഏഥര്‍ 450S കൊണ്ടുവന്നത്. ഇപ്പോള്‍ ഉത്സവ സീസണിന് മുന്നോടിയായി 450S ഇലക്ട്രിക് സ്കൂട്ടറുകള് ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഏഥര്‍ എനര്‍ജി.
ബംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാവ് തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റില്‍ നിന്ന് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കാന്‍ തുടങ്ങി. ഏഥര്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത ഡെലിവറിക്കായി തയാറെടുക്കുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. ഈ വര്‍ഷം ജൂണിലാണ് ഇലക്ട്രിക് സ്കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
തൊട്ടുപിന്നാലെ ഏഥര്‍ 450S ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. പുതുക്കിയ ഫെയിം II പദ്ധതിക്ക് അനുസൃതമായാണ് ഇലക്ട്രിക് സ്കൂട്ടറിന് വില നിശചയിച്ചതെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് വയക്തമാക്കി. നിങ്ങള്‍ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച സംസ്ഥാനത്ത് നിന്നുള്ള ഉപഭോക്താവാണെങ്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കും
ഏഥര്‍ 450S ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് പറഞ്ഞാല്‍ ഡിസൈനിന്റെ കാര്യം നോക്കുമ്പോള്‍ 450S-നെ അതിന്റെ കൂടുതല്‍ പ്രീമിയം സഹോദരനായ 450X ഇലക്ട്രിക് സ്കൂട്ടറില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ കാണാനാകില്ല. ഏഥര്‍ 450X-ന്റെ അതേ എല്‍ഇഡി ഹെഡ്ലാമ്പുള്ള അതേ കര്‍വി ഫ്രണ്ട് കൗള്‍ തന്നെയാണ് ഏഥര്‍ 450S-നും ലഭിക്കുന്നത്. വശങ്ങളിലും പിന്ഭാഗത്തുമായാലും ഏഥറിന്റെ മുന്‍നിര മോഡലിന് സമമാസണ് 450S.
പിന്‍ഭാഗത്തും നോക്കിയാല്‍, മുന്‍നിര ഏഥര്‍ ഇലക്ട്രിക് സ്കൂട്ടറിന് സമാനമായി ഇത് കാണപ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലാണ് ഇരു ഇവികളും തമ്മിലുള്ള പ്രധാന വ്യത്യാസം കാണാനാകു. മാപ്പ് നാവിഗേഷന്‍ ഇല്ലാത്ത ഒരു LCD ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഏഥര്‍ 450S-ല്‍ നല്‍കിയിരിക്കുന്നത്. വില കുറക്കല്‍ നടപടിയുടെ ഭാഗമായായിരുന്നു നടപടി. ഏഥര്‍ 450S ഇലക്ട്രിക് സ്കൂട്ടറില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ വാഗ്ദാനം ചെയ്യുന്ന MapMyIndia-പവര്‍ഡ് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിക്കണം.
ഒരു 3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഇത് 115 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കടമ്പനിയുടെ അവകാശവാദം. ഹോം ചാര്‍ജറുകള്‍ ഉപയോഗിച്ച് ആറ് മണിക്കൂര്‍ 36 മിനിറ്റ് കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. അതേസമയം 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂറും 36 മിനിറ്റും എടുക്കും.
7.24 bhp പവറും 22 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇലക്ട്രിക് മോട്ടോറിന് കഴിയും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഏഥര്‍ 450S ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത. സ്പോര്‍ട്, ഇക്കോ, റൈഡ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഏഥര്‍ 450S ഇലക്ട്രിക് സ്കൂട്ടറിനൊപ്പം വരുന്നു
തുടക്കത്തില്‍ പറഞ്ഞ പോലെ ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിപണിക്ക് പുത്തന്‍ ഉണര്‍വ് ലഭിച്ച മാസം കൂടിയാണ് ഓഗസ്റ്റ്. പോയ മാസം മൊത്തം 60000 യൂണിറ്റിലേറെയാണ് വില്‍പ്പന. കഴിഞ്ഞ മാസം ഏഥര്‍ എനര്‍ജി മെത്തം 8062 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 6,410 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 25.77 ശതമാനമാണ് വളര്‍ച്ച.
ഈ വര്‍ഷം ജൂലൈയില്‍ കമ്പനി 7,858 യൂണിറ്റായിരുന്നു വിറ്റത്. മുന്‍മാസവുമായി തട്ടിച്ച് നോട്ടുമ്പോള് വില്‍പ്പനയില്‍ 2.6 ശതമാനം വളര്‍ച്ചയ്ക്ക് കാരണമായി.എന്നിരുന്നാലും ഈ വര്‍ഷം മെയില്‍ നേടിയ വില്‍പ്പനയുടെ ഏഴയലത്ത് പോലും എത്താന്‍ ഓഗസ്റ്റ് മാസത്തില്‍ സാധിച്ചില്ല. ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി 2023 മെയ് മാസത്തില്‍ 15,256 യൂണിറ്റ് പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയായിരുന്നു റെക്കോഡിട്ടത്.
സബ്സിഡി കുറയാന്‍ പോകുന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഇവികള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്നായിരുന്നു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ പുതുക്കിയ ഫെയിം II മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം വില്‍പ്പന ഗണ്യമായി കുറയുകയും ചെയ്തു. ഓഗസ്റ്റില്‍ ഏഴ് പുതിയ എക്സ്പീരിയന്‍സ് സെന്ററുകളും ഏഥര്‍ സ്ഥാപിച്ചു. ഇതോടെ രാജ്യത്തുടനീളമായി ഏഥറിന്റെ 147 എക്സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.