താനെ: കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് രണ്ട് സിവില്‍ എന്‍ജിനീയര്‍മാരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി മുഖത്തടിച്ച വനിത എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മീര ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന് ആണ് മീര ഭയന്ദന് മുനിസിപ്പാലിറ്റിയിലെ രണ്ട് യുവ എന്‍ജിനീയര്‍മാരെ മര്‍ദ്ദിച്ചത്.
മഴക്കാലത്ത് റോഡരുകില്‍ താമസിക്കുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ അഭയം തേടിയിരുന്ന മുന്‍സിപ്പാലിറ്റിയുടെ ഭാഗമായ കെട്ടിടമാണ് പൊളിച്ചുനീക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് മര്‍ദ്ദനം. കെട്ടിടം പൊളിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കാനും എംഎല്‍എ ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായില്ല. മുന്‍ ബിജെപി മേയര്‍ ആയ ഗീയ ജെയിന് 2019ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി വിജയിച്ചാണ് നിയമസഭയില്‍ എത്തിയത്. ബിജെപി-ശിവസേന സര്‍ക്കാരിനെയാണ് ഇവര്‍ പിന്തുണയ്ക്കുന്നത്.