കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ വിനോദ സഞ്ചാരിയുടെ ഐഫോൺ വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാ സേന.കോഴിക്കോട്ടുനിന്ന് വയനാട് കാണാനെത്തിയ വിനോദസഞ്ചാരിയുടെ വിലകൂടിയ ഐഫോൺ ആണ് കുരങ്ങ് എറിഞ്ഞ് കളഞ്ഞത്. സഞ്ചാരിയായ ജാസിമിന്റെ 75,000 രൂപ വിലയുള്ള ഐഫോണാണ് കുരങ്ങ് ചുരം വ്യൂ പോയിന്റിന് താഴെയുള്ള കൊക്കയിലേക്ക് എറിഞ്ഞത്. പിന്നീട് ഫോൺ കണ്ടെടുത്ത് അഗ്നിശമനസേന നൽകുകയായിരുന്നു.
ജീപ്പിൽ വന്ന വിനോദസഞ്ചാരികൾ വ്യൂ പോയിന്റ് കാണാൻ ഇറങ്ങിയപ്പോൾ ജീപ്പിൽ സൂക്ഷിച്ചിരുന്ന ഐഫോൺ കുരങ്ങന്മാർ കൈക്കലാക്കി. എന്നിട്ട് കൊക്കയിലേക്ക് എറിയുകയായിരുന്നു. ഫോണെടുക്കാൻ വേറെ വഴിയില്ലാതെ ജാസിം കൽപ്പറ്റ ഫയർഫോഴ്‌സിനെ വിളിച്ചു. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.
അഗ്‌നിശമന സേന കയർ ഉപയോഗിച്ച് താഴെയിറക്കിയാണ് ഫോൺ കണ്ടെടുത്തത്. താഴെയിറങ്ങി അരമണിക്കൂറോളം ശ്രമിച്ചതിന് ശേഷമാണ് ഫോൺ കണ്ടെടുക്കാൻ സാധിച്ചത്. ഫോണിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.