ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ തനിക്ക് 67 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഗൂഗിളിലെ സോഫ്റ്റ് വെയർ എൻജിനീയർ. കലിഫോർണിയ സ്വദേശിയായ 22കാരൻ ഏതൻ നോൺലിക്കാണ് ലക്ഷങ്ങൾ നഷ്ടമായത്.
മാതാപിതാക്കളുടെ നിർദേശപ്രകാരം കൗമാരത്തിൽ തന്നെ ഏതൻ ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിരുന്നു. ഒരുകോടിയോളം രൂപയും രണ്ടു വീടുകളും ഏതന്റെ നിക്ഷേപത്തിൽ ഉൾപ്പെടുന്നു. 2021 നവംബർ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ ക്രിപ്റ്റോ വഴി 67 ലക്ഷം രൂപ തനിക്കു നഷ്ടപ്പെട്ടെന്ന് യുവാവ് പറയുന്നു. നേരിട്ടുള്ള നിക്ഷേപമായ 24 ലക്ഷവും 41 ലക്ഷം അല്ലാതെയും നഷ്ടപ്പെട്ടു. ബിറ്റ്കോയിനായി താൻ 33 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നതായി യുവാവ് വെളിപ്പെടുത്തി.
2021 അവസാനത്തോടെ ക്രിപ്റ്റോ വിപണിയിൽ ഇടിവു സംഭവിച്ചു. 2022ൽ നിക്ഷേപത്തിന്റെ എഴുപതു ശതമാനവും നഷ്ടമായെന്നും ഏതൻ വ്യക്തമാക്കി. ‘‘എന്റെ ആവശ്യം കഴിഞ്ഞ് വരുന്ന തുക ഞാൻ നിക്ഷേപിച്ചു. പക്ഷേ, ക്രിപ്റ്റോ കറൻസി വിപരീതമായതിനാൽ എനിക്കു വലിയ നഷ്ടം സംഭവിച്ചു.’’– യുവാവ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിക്ഷേപത്തിനായി കുറച്ചു പണം കടം വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തരം നിക്ഷേപങ്ങളിൽ തനിക്കു ഖേദമില്ലെന്നും ഏതൻ കൂട്ടിച്ചേർത്തു.
‘‘ഞാൻ ഇപ്പോഴും ക്രിപ്റ്റോ കറൻസിയിൽ വിശ്വസിക്കുന്നു. എങ്കിലും ഇതിന്റെ അപകടസാധ്യത തള്ളിക്കളയാനാകില്ല. പക്ഷേ, കടംവാങ്ങിയുള്ള നിക്ഷേപങ്ങൾ ഒഴിവാക്കുന്നതായിരിക്കും ഉചിതം. അത്തരം രീതികൾ ഒഴിവാക്കാൻ ഞാൻ ശ്രമിക്കുന്നു.’’– യുവാവ് പറഞ്ഞു.