പ്പാൻ : ജപ്പാനിലെ നാരയിലുള്ള തോഷോദൈജി കൊണ്ടോ ക്ഷേത്രം വികൃതമാക്കിയതിന് 17 വയസുകാരനായ കനേഡിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ക്ഷേത്രസമുച്ചയത്തിലെ തൂണിൽ ഇയാൾ നഖം കൊണ്ട് സ്വന്തം പേരായ ജൂലിയൻ എന്ന് എഴുതുകയായിരുന്നു. ജപ്പാൻകാരനായ ഒരു വിനോദസഞ്ചാരി ഇയാളുടെ പ്രവൃത്തി കണ്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു.
യുനെസ്കോയുടെ നിയുക്ത ലോക പൈതൃക സ്ഥലമാണ് തോഷോദൈജി കൊണ്ടോ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഗോൾഡൻ ഹാളിന്റെ തൂണിലാണ് ജൂലിയൻ എന്ന് എഴുതി വികൃതമാക്കിയത്. ഇത് നിയുക്ത ദേശീയ നിധിയാണ് എന്ന് ജാപ്പനീസ് പോലീസ് അറിയിച്ചു. ജപ്പാനിൽ പ്രധാനപ്പെട്ട സാംസ്കാരിക സ്വത്തിന്റെ ഏതെങ്കിലും വസ്തുവിന് കേടുപാടുകൾ വരുത്തിയതിന് ഒരാൾ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാൽ ആ വ്യക്തിക്ക് അഞ്ച് വർഷം വരെ തടവോ 3,00,000 യെൻ പിഴയോ ലഭിക്കുന്നതാണ്.
എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ബുദ്ധ ക്ഷേത്രമാണ് തോഷോദൈജി കൊണ്ടോ ക്ഷേത്രം.
ഒരു കാലത്ത് ജപ്പാന്റെ തലസ്ഥാനമായിരുന്ന പുരാതന നാരയുടെ എട്ട് ചരിത്ര സ്മാരകങ്ങളിൽ ഒന്നാണിത്. ചൈനീസ് സന്യാസിയായ ജിയാൻഷെൻ സ്ഥാപിച്ച ഈ ക്ഷേത്രം ടാങ് രാജവംശത്തിന്റെ ശൈലിയിൽ ആണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. റോമിലെ കൊളോസിയത്തെ വികൃതമാക്കിയതിന് വിനോദസഞ്ചാരി പിടിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ഉള്ളിലാണ് ഇപ്പോൾ ജപ്പാനിൽ നിന്നും ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ഈ സംഭവം നടക്കുമ്പോൾ 17 കാരനായ കനേഡിയൻ പൗരന്റെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. തന്റെ പ്രവൃത്തി ഇയാൾ സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ ജപ്പാന്റെ സംസ്കാരത്തെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയല്ല താൻ അത് ചെയ്തത് എന്നാണ് പറയുന്നത് എന്നുമാണ് ജാപ്പനീസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.