ഗാസയിൽ 6 ദിവസത്തിനിടെ 4,000 ടൺ ബോംബുകൾ ഇട്ടതായി വെളിപ്പെടുത്തി ഇസ്രയേൽ

Advertisements
Advertisements

ഗാസയിൽ 6 ദിവസത്തിനിടെ 6,000 ബോംബുകൾ (4,000 ടൺ) ഇട്ടതായി ഇസ്രയേൽ വെളിപ്പെടുത്തി. ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടവരിൽ 538 കുട്ടികളും 248 സ്ത്രീകളുമുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisements

ഗാസ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുമ്പോൾ, കരയാക്രമണ ഭീതിയിലാണു ഗാസയിലെ ജനത. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനു പിന്നാലെ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇന്നലെ ഇസ്രയേലിലെത്തി.

യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകളുടെ ഭാഗമായി ഇന്നലെ അമ്മാനിൽ ജോർദാനിലെ അബ്ദുല്ല രാജാവുമായും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചർച്ച നടത്തിയ ആന്റണി ബ്ലിങ്കൻ ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയെ കണ്ടു.

Advertisements

കൂടുതൽ ചർച്ചകൾക്കായി സൗദി അറേബ്യയും ബഹ്റൈനും സന്ദർശിക്കും. അമേരിക്കൻ പൗരന്മാർ അടക്കമുള്ള ബന്ദികളുടെ സുരക്ഷിത മോചനമാണു യുഎസിന്റെ പ്രധാനതാൽപര്യങ്ങളിലൊന്ന്.

ഗാസയിലെ ആശുപത്രികളിലേക്കു സഹായമെത്തിക്കണമെന്ന് പലസ്തീൻ അതോറിറ്റി അഭ്യർഥിച്ചു. ആശുപത്രികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇസ്രയേൽ നിർദേശിച്ചതുപോലെ 24 മണിക്കൂറിനകം ഗാസയിലെ ആശുപത്രികളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആയിരങ്ങളെ ഒഴിപ്പിക്കാനാവില്ലെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ലോകത്തിലെ വിവിധ നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. പലസ്തീൻ അനുകൂല പ്രകടനങ്ങൾ ഹംഗറി വിലക്കി.

ബെയ്ജിങ്ങിൽ എംബസി ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരുക്കേറ്റെന്ന് ഇസ്രയേൽ. അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ പ്രതിഷേധക്കാരും ഇസ്രയേൽ പൊലീസുമായുള്ള സംഘർഷം തുടരുന്നു. വെടിവയ്പിൽ ഇന്നലെ 8 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽനിന്നു തെക്കൻ ഗാസയിലേക്കു പലായനം ചെയ്തവരുടെ വാഹനവ്യൂഹത്തിനുനേരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ് ആരോപിച്ചു.

ഇസ്രയേൽ കരയാക്രമണ നീക്കം തീർത്തും അസ്വീകാര്യമെന്ന് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. നിരോധിത ഫോസ്ഫറസ് ബോംബുകൾ ഗാസയിലും ലെബനനിലും ഇസ്രയേൽ ഉപയോഗിച്ചെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യുമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു ; നുണയെന്ന് ഇസ്രയേൽ പ്രതികരിച്ചു. വൻതീപിടിത്തമുണ്ടാക്കുന്നവയാണു ഫോസ്ഫറസ് ബോംബുകൾ. തീയണയ്ക്കാനും എളുപ്പമല്ല.

ലസ്തീൻപ്രശ്നം മധ്യപൂർവദേശ സംഘർഷത്തിന്റെ കേന്ദ്രമെന്നും പലസ്തീൻകാർക്കു നീതി നിഷേധിക്കപ്പെട്ടെന്നും ചൈന വിദേശകാര്യമന്ത്രി വാങ് യീ. ഹമാസിന്റെ ആക്രമണം നെതന്യാഹു സർക്കാരിന്റെ വീഴ്ചയാണെന്ന് ഇസ്രയേലിലെ അഭിപ്രായ സർവേയിൽ 86% പേർ പ്രതികരിച്ചു.

യുദ്ധശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്ന് 56% പേർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സ് ഉൾപ്പെടെയുള്ളവരെ ചേർത്ത് ദേശീയ ഐക്യസർക്കാർ രൂപീകരിക്കുന്നതിനു മുൻപാണു സർവേ നടത്തിയത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights