നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും 12000 പേരും ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഭരതനാട്യ പരിപാടിയെപ്പറ്റിയുള്ള വിവാദമാണ് നിലവില്‍ നടക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിനെക്കുറിച്ചും, സംഘാടന വീഴ്ചയെക്കുറിച്ചും, കുട്ടികളില്‍ നിന്ന് അമിതമായി പണം വാങ്ങിയതിനെക്കുറിച്ചുമെല്ലാം നിരവധി ആരോപണങ്ങളാണ് നടക്കുന്നത്. തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പരിപാടി സംഘടിക്കപ്പെട്ട കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായതിന് പിന്നാലെയാണ് പരിപാടിക്ക് പിന്നിലെ വീഴ്ചകള്‍ പുറത്ത് വരുന്നത്.
ഈ സമയത്ത് ഗിന്നസ് റെക്കോര്‍ഡ് ലഭിക്കേണ്ട പെര്‍ഫോമന്‍സായിരുന്നില്ല ഇതെന്നും, ഗിന്നസ് ആര്‍ക്കും ലഭിക്കുന്ന തരത്തിലേക്ക് മാറിയെന്നുമുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഗിന്നസ് റെക്കോര്‍ഡ് എന്താണെന്നും ഇതിന്റെ പിന്നിലെ ചരിത്രമെന്തെന്നും പരിശോധിക്കാം.
എന്താണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്
മനുഷ്യ നേട്ടങ്ങളുടെയും പ്രകൃതിയിലെ മറ്റ് പ്രത്യേക സംഭവങ്ങളെയും സംബന്ധിച്ചുള്ള ലോക റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി യുകെയില്‍ പബ്ലിഷ് ചെയ്യുന്ന റഫറന്‍സ് പുസ്തകമാണ് ഗിന്നസ് റെക്കോര്‍ഡ്. 1954ലാണ് ഗിന്നസ് ബുക്കിന്റെ രൂപീകരണത്തിന് പിന്നിലെ ആലോചന നടക്കുന്നത്. ഗിന്നസ് ബ്രീവെറിയുടെ മാനേജിങ് ഡയറക്ടറായ സര്‍ ഹൂഗ് ബീവറിന്റെ തലയിലാണ് ഈ ആശയം ഉദിച്ചത്.
യൂറോപ്പിലെ ഏറ്റവും വേഗമേറിയ ഗെയിം പക്ഷിയേതാണ് എന്ന ചിന്ത ഹൂഗ് ബീവറിനുണ്ടായി. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം വസ്തുതാന്വേഷണ ഗവേഷകരായ ഇരട്ട സഹോദരങ്ങള്‍ നോറ്‌റിസിനെയും റോസ്സ് മക്‌വിര്‍ട്ടറെയും സമീപിച്ചു. വസ്തുതകളെയും കണക്കുകളെയും സൂചിപ്പിക്കുന്ന പുസ്തകം അവതരിപ്പിക്കാനായിരുന്നു ഇരുവരോടും ഹൂഗ് ബീവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആദ്യത്തെ റഫറന്‍സ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഗിന്നസ് സൂപ്പര്‍ലാറ്റീവ്‌സ് രൂപീകരിച്ചു.
1974ല്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കോപ്പിറൈറ്റ് പുസ്തകമെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്ക് തന്നെ സ്വന്തമാക്കി. 2.35 കോടി എണ്ണം ഗിന്നസ് ബുക്കുകളാണ് അതുവരെ വിറ്റ് തീര്‍ന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മ്യൂസിയവും തുറന്നു.