ഗൂഗിള്‍ മാപ്‌സ് ഇനി 3D-യില്‍ വഴികാണിക്കും

Advertisements
Advertisements

ഇന്നത്തെ കാലത്ത് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. നാം യാത്ര പോകുമ്പോള്‍ വഴി മനസ്സിലാക്കാന്‍ വേണ്ടി മാത്രമല്ല ഇത് ഉപയോഗപ്പെടുത്തുന്നത്. നിരവധി ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന അടിസ്ഥാന സോഫ്റ്റ്വെയര്‍ കൂടിയാണ് ഗൂഗിള്‍ മാപ്‌സ് എന്നത് പലര്‍ക്കും അറിയാന്‍ വഴിയില്ല.

Advertisements

കാറോ ബൈക്കോ ഒടിക്കുമ്പോള്‍ മാത്രമല്ല നടക്കുമ്പോള്‍ വരെ നമ്മള്‍ ഗൂഗിള്‍ മാപ് ഉപയോഗപ്പെടുത്താറുള്ളതിനാല്‍ ഈ ആപ്പ് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ജനങ്ങളെ ‘വഴിതെറ്റാതെ’ കാക്കുന്ന ഗൂഗിള്‍ മാപ്സില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ വരാന്‍ പോകുകയാണ്. മറ്റ് ഉപയോഗങ്ങള്‍ക്ക് പുറമെ നാവിഗേഷനില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന അപ്‌ഡേറ്റുകളാണ് ഗൂഗിള്‍ നടപ്പിലാക്കുന്നത്.

യഥാര്‍ത്ഥ സാഹചര്യങ്ങളുടെ ത്രിമാന കാഴ്ച നല്‍കുന്ന തരത്തിലാണ് പരിഷ്‌കാരങ്ങള്‍. ‘ഇമ്മേഴ്‌സീവ് വ്യൂ ഫോര്‍ റൂട്ട്‌സ്’ ഉള്‍പ്പെടെ പുതുക്കിയ ആപ്ലിക്കേഷന്‍ ഈ വര്‍ഷം അവസാനത്തോടെ ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട 15 നഗരങ്ങളില്‍ പുറത്തിറക്കും. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഇമ്മേഴ്സീവ് വ്യൂ എന്ന സമാന സവിശേഷതയാണ് ഇമ്മേഴ്സീവ് വ്യൂ ഫോര്‍ റൂട്ട്‌സിന്റെ അടിസ്ഥാനം.

Advertisements

ബൈക്ക് ലെയ്ന്‍, നടപ്പാതകള്‍, സങ്കീര്‍ണമായ ജംഗ്ഷനുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രിവ്യൂ ചെയ്യാന്‍ ഈ ഡിജിറ്റല്‍ മോഡല്‍ അനുവദിക്കുന്നു. മുകളില്‍ നിന്ന് താഴേക്കുള്ള ത്രിമാന കാഴ്ച ഇത് ലഭ്യമാക്കും. ഗൂഗിള്‍ മാപ്‌സിലുള്ള കോടിക്കണക്കിന് ഏരിയല്‍ ചിത്രങ്ങളും സ്ട്രീറ്റ് വ്യൂസും ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഒരു നഗരത്തിന്റെ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിക്കുന്നത്.

ഡ്രൈവിംഗിനിടെ നാവിഗേഷന്റെ ത്രിമാന അനുഭവം ഇത് ലഭ്യമാക്കുന്നു. ഗൂഗിള്‍ മാപ് അപ്‌ഡേറ്റില്‍ ഒരാള്‍ തന്റെ ലക്ഷ്യംസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ യാത്രയ്ക്കിടയില്‍ റോഡിലെ ലൈവ് ട്രാഫിക് അപ്ഡേറ്റ്, ബൈക്ക് പാതകള്‍, നടപ്പാതകള്‍, കവലകള്‍, പാര്‍ക്കിംഗ് എന്നിവയുടെ മള്‍ട്ടി-ഡൈമന്‍ഷണല്‍ ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യും. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതിനായി സഹായിക്കാന്‍ അപ്‌ഡേറ്റഡ് ഗൂഗിള്‍ മാപ്‌സില്‍ കാലാവസ്ഥ പ്രവചന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

‘ഗൂഗിള്‍ മാപ്സ് പ്രതിദിനം 20 ബില്യണ്‍ കിലോമീറ്റര്‍ ദിശ കാണിക്കുന്നു. ഒരുപാട് യാത്രകളാണത്. നിങ്ങളുടെ മുഴുവന്‍ യാത്രയും മുന്‍കൂട്ടി കാണാന്‍ കഴിയുമെന്ന കാര്യം സങ്കല്‍പ്പിച്ച് നോക്കൂ. റൂട്ടുകള്‍ക്കായുള്ള ഇമ്മേഴ്സീവ് വ്യൂ ഉപയോഗിച്ച് ഇപ്പോള്‍ നിങ്ങള്‍ നടക്കുകയോ സൈക്ലിംഗ് ചെയ്യുകയോ ഡ്രൈവ് ചെയ്യുകയോ ചെയ്യാം’ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ബുധനാഴ്ച തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഈ ഫീച്ചര്‍ ഒരാള്‍ക്ക് എങ്ങനെ സഹായകരമാണെന്ന് മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു വലിയ നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുകയാണ്. 200 കിലോമീറ്റര്‍ ദൂരത്തേക്കാണ് യാത്ര. ഇമ്മേഴ്സീവ് വ്യൂ ഫോര്‍ റൂട്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മുഴുവന്‍ റൂട്ടും ഒരു 3D മാപ്പായി കാണാന്‍ പറ്റും. വഴിയിലെ ട്രാഫിക് എങ്ങനെയാണെന്നും ഏത് ജംഗഷനിലാണ് ഏറ്റവും തിരക്കുള്ളതെന്നും വാഹനം എവിടെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാമെന്നും നോക്കി മനസ്സിലാക്കാം. ഒപ്പം ഒരു നിശ്ചിത സ്ഥലത്ത് കാലാവസ്ഥ എന്തായിരിക്കുമെന്നും ദൃശ്യമാകും. സാധാരണ ബ്ലൂ, യെല്ലോ, റെഡ് ലൈനുകളില്‍ നിന്ന് വ്യത്യസ്തമായി ഇമ്മേഴ്സീവ് വ്യൂവില്‍ ആ റൂട്ടിലെ റോഡിനെ വ്യക്തമായി വരച്ചുകാണിച്ചാണ് ട്രാഫിക് സാന്ദ്രത സൂചിപ്പിക്കുന്നത്.

ആംസ്റ്റര്‍ഡാം, ബെര്‍ലിന്‍, ഡബ്ലിന്‍, ഫ്‌ലോറന്‍സ്, ലാസ് വെഗാസ്, ലണ്ടന്‍, ലോസ് ഏയ്ഞ്ചലസ്, മിയാമി, ന്യൂയോര്‍ക്ക്, പാരീസ്, സാന്‍ ഫ്രാന്‍സിസ്‌കോ, സാന്‍ ജോസ്, സിയാറ്റില്‍, ടോക്കിയോ, വെനീസ് തുടങ്ങിയ നഗരങ്ങളിലാകും പുതിയ ഗൂഗിള്‍ മാപ്സ് അപ്ഡേറ്റ് ആദ്യം ലഭ്യമാകുക. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ഗൂഗിള്‍ മാപ്‌സ് 3D-യില്‍ ലഭ്യമാകും. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗാഡ്ജറ്റുകളില്‍ അപ്ഡേറ്റഡ് ഗൂഗിള്‍ മാപ്സ് ഉടന്‍ ലഭിക്കാന്‍ സാധ്യതയില്ല. ഇത് ഇന്ത്യയിലേക്കെത്താന്‍ കുറച്ച് സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights