ഏകദേശം അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് റഷ്യ. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ലൂണ–25 പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 2.30നു വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽനിന്നാണ് കുതിച്ചുയർന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവച്ചു. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യം. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3 വിക്ഷേപിച്ച് ദിവസങ്ങൾക്കുള്ളിലാണ് റഷ്യയുടെ ദൗത്യവും. റോസ്‌കോസ്‌മോസിനെ അഭിനന്ദിച്ച് ഐഎസ്‌ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടു.
Congratulations, Roscosmos on the successful launch of Luna-25 ????
Wonderful to have another meeting point in our space journeys
Wishes for
????????Chandrayaan-3 &
????????Luna-25
missions to achieve their goals.— ISRO (@isro) August 11, 2023
അഞ്ച് ദിവസത്തിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് മുൻപു ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനു മൂന്നു മുതൽ ഏഴു ദിവസം വരെ സമയമെടുക്കും. ‘‘ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഒരു പേടകം ഇറങ്ങുന്നത്. ഇതുവരെ എല്ലാവരും ഭൂമധ്യരേഖാ മേഖലയിലാണ് ഇറങ്ങുന്നത്.’’ – റോസ്‌കോസ്‌മോസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അലക്‌സാണ്ടർ ബ്ലോക്കിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഓഗസ്‌റ്റ് 21ഓടെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റോസ്‌കോസ്‌മോസിലെ ശാസ്ത്രജ്ഞർ വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.
ഒരു വർഷത്തോളം ചന്ദ്രനിൽ തുടരുന്ന പേടകം സാംപിളുകൾ എടുത്ത് മണ്ണിന്റെ വിശകലനം, ദീർഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യത്തെ ദൗത്യമാണ് ലൂണ–25. യുക്രെയ്നുമായുള്ള സംഘർഷത്തെ തുടർന്നു റോസ്‌കോസ്‌മോസിന് പാശ്ചാത്യരാജ്യങ്ങളുമായുള്ള പങ്കാളിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ദൗത്യം.
ബഹിരാകാശ പരിവേഷണങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം ആദ്യമായാണ് റഷ്യ ഇത്തരത്തിലൊരു ദൗത്യത്തിലേർപ്പെടുന്നതെന്ന് റഷ്യൻ ബഹിരാകാശ വിദഗ്ധൻ വിറ്റാലി ഇഗോറോവ് പറഞ്ഞു. ഉപരോധങ്ങൾക്കിടയിലും റഷ്യയുടെ ബഹിരാകാശ പദ്ധതി തുടരുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കിയിരുന്നു. കിഴക്ക്-പടിഞ്ഞാറ് സംഘർഷം രൂക്ഷമായ സമയത്തും 1961-ൽ സോവിയറ്റ് യൂണിയൻ ആദ്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചത് പുട്ടിൻ ചൂണ്ടിക്കാട്ടി. പൂർവ്വികരുടെ അഭിലാഷമാണ് ഞങ്ങളെ നയിക്കുന്നതെന്നും കഴിഞ്ഞ വർഷം വോസ്റ്റോക്നി കോസ്മോഡ്രോമിൽ പുട്ടിൻ പറഞ്ഞു.