ബഹിരാകാശ മേഖലയിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നൂറ അൽ മത്‌റൂഷി. യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയെന്ന ചരിത്ര കുതിപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് നൂറ അൽ മത്‌റൂഷിയുടെ മുന്നൊരുക്കങ്ങൾ. ഇതിനോടകം തന്നെ നാസയിൽ ബഹിരാകാശത്ത് നടക്കുന്നതിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ചു. ടെക്‌സസിലെ ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ 2.3 ദശലക്ഷം ലിറ്റർ വെള്ളം നിറച്ച ഇൻഡോർ പൂളിലാണ് പരിശീലനം നടക്കുന്നത്. ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോഗ്രാം തൂക്കം വരുന്ന സ്യൂട്ട് ധരിച്ചുകൊണ്ടുള്ള പരിശീലനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നൂഫ അൽ മത്‌റൂഷിക്ക് പുറമേ മുഹമ്മദ് അൽ മുഅല്ല എന്ന ഇമാത്തിയും ബഹിരാകാശ യാത്രയ്‌ക്കായി പരിശീലനം സ്വായത്തമാക്കുന്നുണ്ട്. ഇരുവർക്കും പിന്തുണ നൽകി കൊണ്ട് യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സഅൽ മൻസൂരിയും നാസയുടെ പരിശീലന കേന്ദ്രത്തിൽ ഉണ്ട്. ഇതിനോടകം തന്നെ പരിശീലന ചിത്രങ്ങളും വീഡിയോകളും എല്ലാം മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം പങ്കുവെച്ചിട്ടുണ്ട്. നാല് അംഗങ്ങളുള്ള യുഎഇയുടെ ബഹിരാകാശ യാത്രിക സംഘത്തിലെ പുതിയ അംഗങ്ങളാണ് മുപ്പതുകാരിയായ മത്‌റൂഷിയും 34-കാരനായ അൽ മുഅല്ലയും.
ബഹിരാകാശ നടത്തം പരിശീലിക്കുന്നതിനായി ന്യൂട്രൽ ബൂയൻസി ലബോറട്ടറി പൂളിൽ ഏഴ് മണിക്കൂർ നീണ്ട പരിശീലനമാണ് ആവശ്യമായുള്ളത്. ഭാരമില്ലായ്മയ്‌ക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് പരിശീലനം നടത്തുന്നത്. ബഹിരാകാശ യാത്രികർ പേടകത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ പേടകത്തിന് പുറത്ത് ചിലവഴിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശീലനം.