ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്നാൽ ഇവികളുടെ വിലയും പരിപാലനവുമെല്ലാം ഓർക്കുമ്പോൾ വീണ്ടും പെട്രോൾ മതിയെന്നു സമാധാനിക്കും. എന്നാൽ ഉപയോഗിക്കുന്ന വാഹനം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഇവി ആക്കി മാറ്റാൻ പറ്റുമെങ്കിലോ?
അതെ, മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗോഗോഎ1 എന്ന ഇവി സ്റ്റാർട്ടപ് കമ്പനിയാണ് ഇത്തരമൊരു കൺവർഷൻ സാധ്യമാക്കുന്നത്. മറ്റു പലരും ഇത്തരം കൺവർഷൻ ചെയ്യുന്നുണ്ടെങ്കിലും വളരെ ചുരുങ്ങിയ മോഡലുകൾ മാത്രമാണ് അവരൊക്കെ കൺവർഷൻ നടത്തുന്നത്.
നിലവിൽ നടക്കുന്ന പരീക്ഷണങ്ങൾ പ്രാവർത്തികമായാൽ വിവിധ ഇരുചക്രവാഹനങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ ഇവി കൺവർഷൻ കിറ്റുകൾ ലഭ്യമാകും. ഏകദേശം അൻപതിലേറെ ഇരുചക്രവാഹനങ്ങൾക്കു ചേരുന്ന വിധത്തിൽ കിറ്റ് നിർമിക്കാനുള്ള പദ്ധതിയിലാണ് ഗോഗോഎ1. ഓരോ മോഡലിനും ചെറിയ മാറ്റങ്ങൾ മാത്രം മതിയാകും.
ഇവയെല്ലാം മോട്ടർവാഹന വകുപ്പിന്റെ അംഗീകാരത്തോടെ ചെയ്യാമെന്നതാണ് ഗോഗോഎ1ന്റെ മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ കിറ്റ് വാങ്ങുന്നവർക്ക് വാഹനത്തിന്റെ അംഗീകാരം ലഭിക്കുന്നതിന് ഓഫിസിൽ കയറിയിറങ്ങേണ്ടതായി വരില്ലെന്നു ചുരുക്കം. ഇന്ത്യയിൽ നിലവിലുള്ള ഒട്ടുമിക്ക കമ്യൂട്ടർ വാഹനങ്ങൾക്കും ഗോഗോഎ1 കിറ്റുകൾ ലഭ്യമാണ്. മാത്രമല്ല പേറ്റന്റ് ഡിസൈൻ ഉപയോഗിക്കുന്നതിന്റെ സുരക്ഷിതത്വവും ഉണ്ട്. കുറഞ്ഞ ചെലവും ലളിതമായ ഇൻസ്റ്റലേഷനും പരിപാലനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടർ വിഭാഗത്തിലെ വാഹനങ്ങൾക്ക് 19000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. മോട്ടർസൈക്കിൾ കിറ്റിന് 29000 രൂപ മുതൽ വില ആരംഭിക്കും