ചൊവ്വയിൽ റെക്കോർഡിട്ട് കുഞ്ഞൻ ഹെലിക്കോപ്റ്റർ; ഇൻജെന്യൂയിറ്റി ഇതുവരെ പറന്നത് 13.644 കിലോമീറ്റർ

Advertisements
Advertisements

ചൊവ്വയിലെത്തിയ ചെറുഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി 60 പറക്കലുകൾ പിന്നിട്ടു. കഴിഞ്ഞ ദിവസം സെക്കൻഡിൽ 8 മീറ്റർ എന്ന വേഗത്തിലാണ് ഇൻജെന്യൂയിറ്റി പറന്നത്. ചൊവ്വയിൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്. ഹെലികോപ്റ്ററിന്റെ സ്ഥാനം കൃത്യമായി നിർത്താനും വ്യത്യസ്തമായ ചിത്രങ്ങളെടുക്കാനും ലക്ഷ്യമിട്ടായിരുന്നു ഇൻജെന്യൂയിറ്റിയുടെ അറുപതാം പറക്കൽ. ഇതുവരെ 13.644 കിലോമീറ്റർ ദൂരം ഇൻജെന്യൂയിറ്റി പറന്നിട്ടുണ്ട്.

Advertisements

ഏറ്റവും ദൂരം താണ്ടിയ പറക്കൽ പക്ഷേ ഇതൊന്നുമല്ല. അത് സംഭവിച്ചത് കഴിഞ്ഞ ഏപ്രിൽ എട്ടിനാണ്.704 മീറ്റർ ദൂരം താണ്ടാൻ അന്ന് കോപ്റ്ററിനു സാധിച്ചു. 2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ പെഴ്സിവീയറൻസ് റോവറിനൊപ്പമാണ് ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററും എത്തിയത്. ചൊവ്വയുടെ ആകാശത്ത് പറന്ന ആദ്യ മനുഷ്യനിർമിത വസ്തുകൂടിയായ ഈ ഹെലിക്കോപ്റ്ററിന്റെ ഭാരം വെറും 1.8 കിലോ മാത്രമാണ്. ചൊവ്വാമാനത്ത് പറക്കൽ സാധ്യമാണോയെന്ന് അറിയുകയായിരുന്നു  ഇൻജെന്യൂയിറ്റിയുടെ പ്രധാന ലക്ഷ്യം.

പണ്ട് ഭൂമിയിൽ വിമാനം പറത്താ‍ൻ സാധ്യമാണോയെന്ന് റൈറ്റ് സഹോദരൻമാർ പരിശോധിച്ചത് ഒരു ചെറുവിമാനം പറത്തിക്കൊണ്ടാണ്. ഇതേ ദൗത്യമാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ചെയ്തത്. മറ്റൊരു ഗ്രഹത്തിൽ ഊർജം ഉപയോഗിച്ചുള്ള ഒരു പറക്കൽ നടത്തിയതും ആദ്യമായായിരുന്നു മിനിറ്റിൽ 2400 തവണ കറങ്ങുന്ന രണ്ട് റോട്ടറുകളാണ് ഇൻജെന്യൂയിറ്റിക്കുള്ളത്. ഭൂമിയിലെ ഹെലിക്കോപ്റ്ററുകളേക്കാൾ റോട്ടർ സ്പീഡ് കൂടുതലാണ് ഇതിന്.ഇൻജെന്യൂയിറ്റിയുടെ ഓരോ റോട്ടറിലും കാർബൺ ഫൈബറിൽ തീർത്ത നാലു ബ്ലേഡുകൾ. റോവറിൽ നിന്നു ഊർജം ശേഖരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻജെന്യൂയിറ്റിയിൽ പക്ഷേ മറ്റു ശാസ്ത്ര ഉപകരണങ്ങളൊന്നുമില്ല.  എന്നാൽ ഹെലിക്കോപ്റ്ററിൽ രണ്ടു ക്യാമറകളുണ്ട്. ചൊവ്വയുടെ കുറച്ച് നല്ല ചിത്രങ്ങൾ ഇതിനകം തന്നെ ഇൻജെന്യൂയിറ്റി പകർത്തി അയച്ചിരുന്നു.

Advertisements

ഇൻജെന്യൂയിറ്റിയുടെ ചൊവ്വയിലെ പറക്കൽ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. ഭൂമിയെ അപേക്ഷിച്ച് വളരെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയിൽ എന്നതിനാലായിരുന്നു ഇത്.ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം സാന്ദ്രത മാത്രമാണ് അവിടെയുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ പറക്കൽ വളരെ ദുഷ്കരമാണ്.2400 ആർപിഎം എന്ന വളരെയുയർന്ന റോട്ടർ വേഗം ഇൻജെന്യൂയിറ്റിക്കു നൽകിയത് ഈ പ്രശ്നത്തെ തരണം ചെയ്തു. മൊത്തം അഞ്ചുതവണ ചൊവ്വയിൽ വച്ച് ഇൻജെന്യൂയിറ്റിയെ പറത്താനായിരുന്നു നാസയുടെ പദ്ധതി. ആകെ 330 അടി ദൂരം ഹെലിക്കോപ്റ്റർ പറക്കുമെന്നും നാസ വിലയിരുത്തി. എന്നാൽ ആ വിലയിരുത്തലുകളെല്ലാം കാറ്റിൽ പറന്നു.

അമേരിക്കയിലെ അലബാമയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥിയായ വനീസ രൂപാണിയാണ് ഹെലിക്കോപ്റ്ററിന് ഇൻജെന്യൂയിറ്റിയെന്നു പേരു നൽകിയത്. ഇന്ത്യൻ വംശജയാണ് 17 വയസ്സുകാരിയായ വനീസ. പെഴ്സിവിറൻസ് റോവറിനു പേരു ക്ഷണിച്ചു കൊണ്ട് നാസ ഒരു വലിയ ക്യാംപെയ്ൻ നടത്തിയിരുന്നു. അതിലേക്കാണ് വനീസ പേരു നൽകിയത്. എന്നാൽ ഈ പേര് റോവറിനേക്കാൾ ചേരുക ഹെലിക്കോപ്റ്ററിനാണെന്നു തിരിച്ചറിഞ്ഞാണു നാസ അധികൃതർ ഈ പേരു നൽകാൻ തീരുമാനമെടുത്തത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights