കഴിഞ്ഞ 24 വര്‍ഷമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS)ഭൂമിയെ വലം വെക്കുന്നുണ്ട്. പല നിര്‍ണായക ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും ഐഎസ്എസ് വേദിയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഒരു റിട്ടയര്‍മെന്റ് പ്ലാനുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഐഎസ്എസിനെ തിരികെ ഭൂമിയിലേക്കയക്കുന്ന പദ്ധതിയില്‍ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ കൂടി സഹായം തേടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
2030 വരെ ഐ.എസ്.എസ് പ്രവര്‍ത്തനം തുടരും. ഇതിനു ശേഷം സുരക്ഷിതമായി ഐ.എസ്.എസിനെ ഭ്രമണപഥത്തില്‍ നിന്നും മാറ്റുന്നതിനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഭൂമിയില്‍ ജനവാസമില്ലാത്ത മേഖലയില്‍ ഇടിച്ചിറക്കാനാണ് പദ്ധതി. പുതിയ ബഹിരാകാശ പേടകമോ അല്ലെങ്കില്‍ നിലവിലെ ഐഎസ്എസിനോട് കൂട്ടിച്ചേര്‍ക്കാവുന്ന ഭാഗമോ ഉപയോഗിച്ച് ഭ്രമണ പഥത്തില്‍ മാറ്റം വരുത്തി ഭൂമിയോട് അടുപ്പിക്കും.
ഇപ്പോഴത്തെ ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന വാഹനമാക്കി മാറ്റാനാണ് ശ്രമിക്കുക. അതുവഴി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിപ്പിക്കാനും കഴിയും. ദിശാ നിയന്ത്രണ സംവിധാനങ്ങള്‍ വഴി പസഫിക് സമുദ്രത്തിലേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം പതിക്കും.
റഷ്യയുടെ ചരക്കു കൊണ്ടുപോവുന്ന സ്‌പേസ്‌ക്രാഫ്റ്റ് പ്രോഗ്രസിനെ ഉപയോഗിച്ച് ഐഎസ്എസിന്റെ ഭ്രമണ പഥം മാറ്റാനാകുമോ എന്ന കാര്യവും നാസ നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ ഉറപ്പില്ല. ഐഎസ്എസിന്റെ വിരമിക്കല്‍ പദ്ധതിക്കുവേണ്ടി കഴിഞ്ഞ മാര്‍ച്ചില്‍ നാസ 180 ദശലക്ഷം ഡോളറിന്റെ പ്രത്യേക ബജറ്റ് നിര്‍ദേശം സമര്‍പിച്ചിരുന്നു.
1998 മുതല്‍ അഞ്ച് ബഹിരാകാശ ഏജന്‍സികള്‍ ഐഎസ്എസിന്റെ ഭാഗമാണ്. നാസക്കു പുറമേ കനേഡിയന്‍ സ്‌പേസ് ഏജന്‍സി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി, റഷ്യയുടെ റോസ്‌കോസ്‌മോസ് എന്നിവയാണവ. അമേരിക്ക, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ 2030 വരെ അന്താരാഷ്ട്ര ബഹിരാകാശത്തിലുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം റഷ്യ 2028 വരെയാണ് തങ്ങളുടെ സാന്നിധ്യം ഉറപ്പു നല്‍കിയിരിക്കുന്നത്.
ഐ.എസ്.എസിനെ തിരികെ ഭൂമിയിലേക്കു കൊണ്ടുവരാന്‍ വേണ്ട ഡിഓര്‍ബിറ്റ് വെഹിക്കിള്‍ നിര്‍മിക്കാനും പരീക്ഷിക്കാനും സുരക്ഷ ഉറപ്പിക്കാനും വര്‍ഷങ്ങളെടുക്കും. ഇക്കാര്യം നാസ തന്നെ സമ്മതിച്ചിട്ടുണ്ട്. ഐ.എസ്.എസ് വിരമിച്ച ശേഷം പുതിയ ബഹിരാകാശ പേടകം സ്വകാര്യ കമ്പനികള്‍ വഴി സ്ഥാപിക്കാനുള്ള പദ്ധതി നേരത്തെ നാസ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 2021 ഡിസംബറില്‍ ബ്ലൂ ഒറിജിന്‍, നാനോറാക്‌സ്, നോര്‍ത്രോപ് ഗ്രുമ്മന്‍ എന്നീ കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തിരുന്നു.