ജയറാം ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓസ്‌ലറി’ ന്റെ സെക്കന്‍ഡ് ലുക്ക് പുറത്തിറങ്ങി. ആള്‍ക്കൂട്ടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാമിനെ പോസ്റ്ററില്‍ കാണാം. അല്‍പം പ്രായം തോന്നിപ്പിക്കുന്ന ലുക്കാണ് ജയറാമിന്. ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നു. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.
മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘അബ്രഹാം ഓസ്‌ലര്‍’. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ഏറെ ദുരുഹതകളും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്‌ഡേറ്റുകളും നല്‍കുന്ന സൂചനകള്‍. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്മ, അര്‍ജുന്‍ നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രണ്‍ധീര്‍ കൃഷ്ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ.