പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്താനിരിക്കെ ഹൗസ്ഫുള്ളായി 2019 ലെ തെലുങ്ക് ചിത്രം കല്‍ക്കി. ബുക്കിങ് ചെയ്യാന്‍ തിരക്ക്കൂട്ടുന്നതിനിടയില്‍ ആരാധകര്‍ക്ക് പറ്റിയ അബദ്ധം ആണ് ഇതിന് പിന്നിലെ കാരണം. കല്‍ക്കി 2898 എഡിയുടെ പ്രീബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ബുക്ക്മൈഷോ വഴി ബുക്ക് ചെയ്ത ആരാധകര്‍ക്കാണ് പണികിട്ടിയത്.
കല്‍ക്കി 2898നു പകരം 2019 ലെ തെലുങ്ക് ചിത്രം കല്‍ക്കിയുടെ ടിക്കറ്റുകളാണ് ഇവര്‍ ബുക്ക് ചെയ്തത്. ഇതോടെ രാജശേഖര്‍ നായകനായ കല്‍ക്കിയുടെ ഒന്നിലധികം ഷോകളാണ് ഹൗസ്ഫുള്‍ ആയിമാറിയത്. സംഭവത്തില്‍ പ്രതികരിച്ച് നടന്‍ രാജശേഖറും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശ രൂപേണ താരം പറഞ്ഞു. പ്രഭാസ് ചിത്രത്തിന് ആശംസയും അദ്ദേഹം നേർന്നു. രാജശേഖറിൻ്റെ ‘കൽക്കി’യുടെ ഇരുപതോളം ഷോകൾ വിറ്റുതീർന്നതായാണ് റിപ്പോർട്ട്. പലരും ടിക്കറ്റ് എടുത്തതിന് ശേഷം മാത്രമാണ് സിനിമ മാറിപ്പോയതായി തിരിച്ചറിഞ്ഞത്. അതേസമയം ഇത് സാങ്കേതിക തകരാർ മൂലം ഉണ്ടായതാണെന്നും കൽക്കിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവര്‍ക്കും കൽക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്മൈഷോ എക്സില്‍ കുറിച്ചു.
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.
ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. പിആര്‍ഒ: ആതിര ദില്‍ജിത്ത്