തടാക ഭീകരന്റെ രഹസ്യം തേടല്‍ ആരംഭിച്ച് സ്കോട്ട്‍ലാന്‍ഡ്; 50 വര്‍ഷത്തെ ദുരൂഹത

Advertisements
Advertisements

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ പലപ്പോഴായി വാര്‍ത്തകളില്‍ ആവര്‍ത്തിക്കപ്പെട്ട സ്കോട്ട്ലാന്‍ഡിലെ തടാക ഭീകരന്റെ രഹസ്യം തേടല്‍ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത തടാക ഭീകര ജീവിയുടെ പഴയ ചിത്രങ്ങള്‍ ഇതിനകം ലോകമെങ്ങും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ഗവേഷകരും ഈ വിഷയത്തില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചവരുമാണ് അന്വേഷണ സംഘത്തിലുള്ളത്.

Advertisements

തടാകത്തിലെ വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ കണ്ടെത്തുന്നതിന് തെർമൽ ഇമേജിംഗ് ഡ്രോണുകൾ, ഇൻഫ്രാറെഡ് ക്യാമറകൾ, ഹൈഡ്രോഫോൺ എന്നിവ ഉപയോഗിച്ചുള്ള അത്യാധുനീക തെരച്ചിലാണ് നടക്കുന്നതെന്ന് ലോക്ക് നെസ് സെന്റർ അറിയിച്ചു. തെർമൽ സ്കാനറുകൾ മങ്ങിയ ആഴത്തിലുള്ള വിചിത്രമായ സംഗതികള്‍ തിരിച്ചറിയും. അതേസമയം ഹൈഡ്രോഫോൺ ഇത്തരം ജീവികളുടെ അസാധാരണമായ ജലാന്തര്‍ ശബ്ദങ്ങള്‍ അന്വേഷകരിലേക്ക് എത്തിക്കും. രണ്ട് ദിവസത്തെ തിരച്ചില്‍ പരിപാടി, സ്കോട്ട്ലാന്‍‍ഡിലെ ഏറ്റവും വലിയ തെരച്ചിലായി കണക്കാക്കുന്നു. “എല്ലാ വിധത്തിലുള്ള സ്വാഭാവിക സ്വഭാവങ്ങളും പ്രതിഭാസങ്ങളും രേഖപ്പെടുത്തുകയും പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അത് വിശദീകരിക്കാൻ കൂടുതൽ വെല്ലുവിളിയാകാം,” തെരച്ചില്‍ സംഘത്തിലെ ലോച്ച് നെസ് എക്സ്പ്ലോറേഷന്റെ അലൻ മക്കെന്ന എഎഫ്‌പിയോട് പറഞ്ഞു.

37 കിലോമീറ്റര്‍ ചുറ്റളവും, പരമാവധി ആഴം 240 മീറ്ററുമുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോച്ച്. 1933-ല്‍ പർവ്വതങ്ങളുടെ ചരുവിലുള്ള ലോച്ചിൽ ഒരു “അസാധാരണമായ ജലമൃഗത്തെ” കണ്ടെത്തിയതായി ആൽഡി മക്കേ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ ജലജീവി ലോക ശ്രദ്ധയിലേക്ക് വരുന്നത്. പിന്നാലെ, ഇത് സംബന്ധിച്ച് നിരവധി ഗോസിപ്പുകള്‍ ലോകമെങ്ങും ഉയര്‍ന്നു. ഇതില്‍ പലതും ദൃക്സാക്ഷി വിവരണമെന്ന തരത്തിലായിരുന്നു. ചിലർ ഈ ജീവി ചരിത്രാതീത സമുദ്ര ഉരഗങ്ങളോ ഭീമൻ ഈലുകളോ ഒരു സ്റ്റർജൻ അല്ലെങ്കിൽ രക്ഷപ്പെട്ട സർക്കസ് ആനയോ ആകാമെന്ന് അവകാശപ്പെട്ടു.

Advertisements

അതേ സമയം ഈ ജീവിയെ കുറിച്ചുള്ള ചില പുരാതനമായ രേഖപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഐറിഷ് സന്യാസിയായ സെന്റ് കൊളംബയുടെ ജീവചരിത്രത്തിൽ, AD 565 ലാണ് ഈ ജീവിയെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിത രേഖയുള്ളത്. ‘രാക്ഷസ ജീവി ഒരു നീന്തൽക്കാരനെ ആക്രമിച്ചു, പിന്നാലെ കൊളംബ, ആ ജീവിയോട് പിൻവാങ്ങാൻ കൽപ്പിച്ചപ്പോൾ അത് വീണ്ടും അടിക്കാൻ ശ്രമിക്കുകയായിരുന്നെന്ന്’ അദ്ദേഹം എഴുതിയെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു, അതേ സമയം പ്രദേശത്തെ കല്ലുകളില്‍ ഒരു നിഗൂഢ ജീവിയുടെതെന്ന് തോന്നുന്ന ചില കൊത്തുപണികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. 1933 മെയ് മാസത്തില്‍ പുതുതായി നിര്‍മ്മിച്ച ലോച്ച്സൈഡ് റോഡിലൂടെ ഒരു ദമ്പതികൾ വാഹനത്തില്‍ പോകുമ്പോള്‍, തടാകത്തില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ടെന്നും നോക്കിയപ്പോള്‍ തിമിംഗലത്തിന്റെ ശരീരത്തോട് സാമ്യമുള്ള ഒരു ജീവി ജലത്തില്‍‌ നിന്നും ഒരു നിമിഷത്തേക്ക് ഉയര്‍ന്ന് പൊങ്ങി വെള്ളത്തിലേക്ക് തന്നെ താഴ്ന്നു പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1933 ല്‍ ബ്രിട്ടീഷ് പത്രമായ ദി ഡെയ്‌ലി മെയിൽ ദക്ഷിണാഫ്രിക്കകാരനും വേട്ടക്കാരനുമായ മർമഡ്യൂക്ക് വെതറെലിനെ ഈ അപൂര്‍വ്വ ജീവിയെ കണ്ടെത്താന്‍ നിയോഗിച്ചു. അദ്ദേഹം ഏകദേശം 20 അടി വലിപ്പമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. 1934-ൽ ഇംഗ്ലീഷ് ഫിസിഷ്യൻ റോബർട്ട് വിൽസൺ “സർജൻസ് ഫോട്ടോഗ്രാഫ്” എന്ന് അറിയപ്പെട്ട പ്രശസ്തമായ ചിത്രം പകര്‍ത്തി. ജലാശയത്തില്‍ നിന്നും നീണ്ട കഴുത്തും ചെറിയ തലയുമുള്ള ഒരു ജീവി ഉയര്‍ന്നു വരുന്ന ചിത്രമായിരുന്നു അത്. ചിത്രം ലോകം മുഴുവനും ആഘോഷിക്കപ്പെട്ടെങ്കിലും പിന്നീട് ചിത്രം യഥാര്‍ത്ഥമല്ലെന്ന് ചിത്രമെടുത്ത സംഘത്തിലുണ്ടായിരുന്ന ക്രിസ് സ്പർലിംഗ് വ്യക്തമാക്കി. എന്നാല്‍, അതിനിടെ വിനോദ സഞ്ചാരത്തിന് പേരുകേട്ട പ്രദേശമായി ലെച്ച് തടാകം മാറി. ഇന്ന് ഇവിടെ നിന്നുള്ള വിനോദയാത്രയില്‍ നിന്ന് ദശലക്ഷക്കണക്കിന് പൗണ്ടാണ് സ്കോട്ട്ലാന്‍ഡിന് ലഭിക്കുന്നത്. സംഗതി എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights