നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലതരത്തിലുള്ള വിറ്റാമിനുകളുടെ ആവശ്യമുണ്ട്. അതില്‍ ഏറ്റവും പ്രഘധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ബി 12. ഈ വിറ്റാമിന്‍ കുറയുന്നത് നിങ്ങളുടെ മാനസികാവസ്ഥ, ഊര്‍ജ്ജം, ദൈനംദിന പ്രവര്‍ത്തനങ്ങളോടുളള താല്‍പര്യം എന്നിവയെ ബാധിച്ചേക്കും. അതുപോലെ ഞരമ്പുകളുടെയും രക്തകോശങ്ങളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ ബി12. മനുഷ്യ ശരീരത്തില്‍ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ഒരു വിറ്റാമിന്‍ അല്ല ഇത്. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ അവയൊക്കെ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
വിറ്റാമിന്‍ ബി12 ന്റെ കുറവ് എങ്ങനെയെല്ലാം നിങ്ങളെ ബാധിക്കാം
വിറ്റാമിന്‍ ബി12 ന്റെ കുറവ് ആരോഗ്യകരമായ രക്തകോശങ്ങളുടെ ഉത്പാതനത്തെ ബാധിച്ചേക്കാം. ഇവയുടെ അഭാവത്തില്‍ രക്തവും ഓക്‌സിജനും പ്രധാനപ്പെട്ട അവയവങ്ങളില്‍ എത്തില്ല. തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവര്‍ത്തനങ്ങളെയും ഇത് ദോഷകരമായി ബാധിക്കും
പാദങ്ങളാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളില്‍ പ്രധാനപ്പെട്ടത്. വിറ്റാമിന്റെ കുറവ് ഞരമ്പുകളില്‍ കേടുപാടുകള്‍ വരുത്തുന്നതുകൊണ്ട് കാലുകളില്‍ മരവിപ്പ് പോലുള്ള അവസ്ഥകളും ഉണ്ടാവാറുണ്ട്. ഇതുമൂലമുണ്ടാകുന്ന പെരിഫറല്‍ ന്യൂറോപ്പതി ചികിത്സിച്ചില്ലെങ്കില്‍ മാറുകയുമില്ല. അതുപോലെ തന്നെ കൈകാലുകളില്‍ സൂചി കുത്തുന്നതുപോലുള്ള വേദനകള്‍ ഉണ്ടാകുന്നു. നാഡികളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതുകൊണ്ടാണ് ഇത്തരത്തില്‍ വേദനയുണ്ടാകുന്നത്. ജേണല്‍ ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത്തരം വേദനയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുപോലെ നടക്കാന്‍ ബുദ്ധിമുട്ടും ബാലന്‍സ് നഷ്ടപ്പെടുന്നതുമായ അനുഭവം ഉണ്ടാവുക, പാദങ്ങളില്‍ വിളറിയതോ മഞ്ഞയോ കലര്‍ന്ന ചര്‍മം കാണപ്പെടുക, കാലുകകളില്‍ എപ്പോഴും തണുപ്പ് അനുഭവപ്പെടുക എന്നിവയൊക്കെ ഭാവിയിലേക്ക് അപകടം വിളിച്ചുവരുത്തുന്ന ലക്ഷണങ്ങളാണ്.
എന്തൊക്കെ ആഹാരങ്ങള്‍ കഴിക്കണം
ചിക്കന്‍, റെഡ് മീറ്റ്, മുട്ട, പാലുത്പന്നങ്ങള്‍, മത്സ്യം എന്നിവയില്‍ നിന്ന് ആവശ്യമായ അളവില്‍ ഈ വിറ്റാമിന്‍ ലഭിക്കും. ഫോര്‍ട്ടിഫൈഡ് ധാന്യങ്ങള്‍, പാല്‍. ബ്രെഡ് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.