നടൻ വിജയ് തമിഴ്നാട് പര്യടനത്തിന്; ലക്ഷ്യം തെരഞ്ഞെടുപ്പ്

Advertisements
Advertisements

രാഷ്‌ട്രീയ പ്രവേശനത്തിന് മുന്നോടിയായി നടൻ വിജയ് തമിഴ്നാട്ടിലുടനീളം ഉടൻ പര്യടനം ആരംഭിക്കും. ‘ഗോട്ട്’‌ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് വിജയ് തമിഴ്നാട് പര്യടനമാരംഭിക്കുന്നത്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിജയ്‌യുടെ നീക്കം. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽ കണ്ട് ബന്ധം ദൃഢപ്പെടുത്താൻ കഴിയുമെന്നാണ് നടന്‍റെ കണക്കുകൂട്ടൽ. യാത്രയ്ക്കൊപ്പം “തമിഴക വെട്രി കഴകം’ എന്ന തന്‍റെ രാഷ്‌ട്രീയ പാർട്ടിയുടെ ജില്ലാ- പ്രാദേശിക യൂണിറ്റുകൾ വിപുലപ്പെടുത്തും. രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. വനിതാ പങ്കാളിത്തവും വർധിപ്പിക്കും. മെമ്പർഷിപ്പ് ഡ്രൈവിനായി മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ച് മെമ്പർഷിപ്പ് ഡ്രൈവ് നടത്തണമെന്നും വിജയ് നിർദേശിച്ചിട്ടുണ്ട്.

Advertisements

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടന സാമൂഹ്യ പ്രവർത്തനങ്ങളുമായി സജീവമാണ്. 2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ ആരാധക സംഘടന ഒമ്പത് ജില്ലകളിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. പിന്നീട് രാഷ്‌ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതോടെ വിജയ് “തമിഴക വെട്രി കഴകം’ (തമിഴ്വിജയസംഘം) എന്ന പേരിൽ രാഷ്‌ട്രീയ പാർടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പിതാവ് എസ്.എ. ചന്ദ്രശേഖറാണ് വിജയ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം ആദ്യം നടത്തിയത്. അന്ന് അക്കാര്യം നിഷേധിച്ചെങ്കിലും തുടർന്നിങ്ങോട്ട് രാഷ്‌ട്രീയത്തിലേക്ക് വിജയ് കൂടുതൽ അടുക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനത്തിൽ വീട്ടിൽ നിന്ന് സൈക്കിളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തതോടെയാണ് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ താൽപര്യം മറനീക്കിയത്.

Advertisements

തന്‍റെ സിനിമകളിലൂടെയും വിജയ് തമിഴക രാഷ്‌ട്രീയത്തിലേക്കുള്ള കടന്നുവരവിന്‍റെ സൂചന നൽകി. തമിഴ്നാട്ടിലുടനീളം സഞ്ചരിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്നാൽ മാത്രമേ സംഘടനക്ക് ജനകീയാടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കൂവെന്ന തിരിച്ചറിവിലാണ് അദ്ദേഹം തമിഴ്നാട് പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നത്. രാഷ്‌ട്രീയത്തിലിറങ്ങുന്നതോടെ സിനിമയോട് വിടപറയാനാണ് തീരുമാനം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights