കാളിദാസ് ജയറാം- തരിണി വിവാഹത്തിന്റെ വിശേഷങ്ങള്‍ തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായത്. അതിനുശേഷം വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും വീഡിയോകളും നടന്‍ കാളിദാസ് ജയറാം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിലായി വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത് നൈറ്റിന്റെ വീഡിയോദൃശ്യങ്ങളാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാളിദാസ്-തരിണി വിവാഹം മതിമറന്ന് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സംഗീത് വീഡിയോയിലുള്ളത്. കാളിദാസിന്റെയും മാളവികയുടെയും കിടിലന്‍ നൃത്തവും ജയറാമും പാര്‍വതിയും ഒരുമിച്ച് നൃത്തംചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിനൊപ്പം ഏറെ വികാരനിര്‍ഭരമായ രംഗങ്ങളും വീഡിയോയിലുണ്ട്. സംഗീത് വേദിയില്‍ നടി പാര്‍വതി നൃത്തം ചെയ്യുന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം. പാര്‍വതിയുടെ നൃത്തം കണ്ട് ജയറാമും കാളിദാസും നവവധു തരിണിയും സന്തോഷത്താല്‍ കണ്ണീരണിയുന്നതും പിന്നാലെ ഇവരെല്ലാം പാര്‍വതിയെ വേദിയിലെത്തി കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം കാളിദാസ് പങ്കുവെച്ച വീഡിയോയില്‍ ഏറെ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ ഇതാണെന്നായിരുന്നു വീഡിയോക്ക് താഴെ പലരുടെയും കമന്റ്. പാര്‍വതിയുടെ നൃത്തം മനംകവര്‍ന്നെന്നും പലരും അഭിപ്രായപ്പെട്ടു.