പരസ്യങ്ങളില്ലത്ത ഫെയ്സ്ബുക്കും, ഇന്‍സ്റ്റാഗ്രാമും. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ പുതിയ പെയ്ഡ് വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതുവഴി പരസ്യങ്ങള്‍ വേണ്ടെന്ന് വെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങള്‍ ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. അതേസമയം ഇന്ത്യയില്‍ ഈ സംവിധാനം അവതരിപ്പിക്കാന്‍ നിലവില്‍ മെറ്റയ്ക്ക് പദ്ധതിയില്ല എന്നാണ് വിവരം.
യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ പരസ്യ രഹിത സേവനം മെറ്റ ആരംഭിച്ചത്. ഫെയ്സ്ബുക്കിലേയോ, ഇന്‍സ്റ്റാഗ്രാമിലേയോ ഒരു അക്കൗണ്ട് പരസ്യ രഹിതമാക്കുന്നതിന് പ്രതിമാസം 12 യൂറോ (1071 രൂപ) ആണ് നല്‍കേണ്ടത്. ഗൂഗിളിന്റേയും, ആപ്പിളിന്റേയും ആപ്പ് സ്റ്റോറുകള്‍ വഴി ഇടപാടുകള്‍ നടത്താം. വെബ്ബില്‍ ഒമ്പത് യൂറോ (803രൂപ) ആണ് നിരക്ക്. നിലവില്‍ പരസ്പരം ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്കൊക്കെ സബ്സ്ക്രിപ്ഷന് ബാധകമാവും. എന്നാല്‍ ഒന്നിലധികം അക്കൗണ്ടുകള്‍ക്ക് അധിക തുക നല്‍കേണ്ടി വരും.
18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പരസ്യ രഹിത സേവനം മെറ്റ വാഗ്ദാനം ചെയ്യുന്നത്. മൊബൈല്‍ ആപ്പ് സ്റ്റോര്‍ വഴി എട്ട് യൂറോ അധികമായി നല്കിയാല് മറ്റൊരു അക്കൗണ്ട് കൂടി പരസ്യരഹിതമായി ഉപയോഗിക്കാനാവും. വെബ്ബില്‍ 6 യൂറോ ആണ് നല്‍കേണ്ടത്.
നിങ്ങളുടെ പ്രദേശത്തെ നിയമങ്ങള്‍ മാറുന്നതുകൊണ്ടാണ് ഈ പുതിയ സൗകര്യം അവതരിപ്പിക്കുന്നത് എന്നാണ് മെറ്റ വ്യക്തമാക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഫെയ്സ്ബുക്കിന്റെ പെയ്ഡ് വേര്‍ഷന്‍ സബ്സ്ക്രൈബ് ചെയ്യാം. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാം. സൗജന്യ സേവനം ഉപയോഗിക്കുമ്പോള്‍ പരസ്യങ്ങള്‍ കാണേണ്ടി വരുമെന്നും ഡാറ്റ പരസ്യ വിതരണത്തിനായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്നും മെറ്റ വ്യക്തമാക്കുന്നു.