ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ നിർണായക മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്. അതേസമയം ഇന്നത്തെ തോൽവിയോടെ പാകിസ്താൻ സെമി കാണാതെ ടൂർണമെന്റിൽ നിന്നും പുറത്തായി. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി. ജുഗ്രാജ് സിംഗും ആകാശ്ദീപ് സിംഗുമാണ് മറ്റ് സ്കോറർമാർ.
പെനാൽറ്റി കോർണറുകളിൽ നിന്നാണ് ഹർമൻപ്രീതിന്റെ രണ്ട് ഗോളുകളും പിറന്നത്. ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 2-0ന് മുന്നിലായിരുന്നു. മൂന്നാം പാദത്തിൽ ജുഗ്രാജ് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോൾ. മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റിൽ താഴെ സമയം മാത്രം അവശേഷിക്കെ മന്ദീപ് സിംഗ് നാലാം ഗോളും സ്കോർ ചെയ്തു. ഇതോടെ പാകിസ്താന്റെ പെട്ടിയിലെ അവസാന ആണിയും തറയ്ക്കപ്പെട്ടു.