അമേരിക്കന്‍ തെരുവുകളെ ഉന്മാദത്തില്‍ ആറാടിക്കുന്ന പുതിയ മയക്കു മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ അതീവ മാരകമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. വേദനകള്‍ ശമിക്കുന്നതിനും, പേശികള്‍ അയയുന്നതിനുമായി കുതിരകള്‍ക്ക് സാധാരണയായി നല്‍കാറുള്ള സൈലസിന്‍ എന്ന മരുന്നാണ് ഇപ്പോള്‍ അമേരിക്കന്‍ യുവതയെ ലഹരിയിലാറാടിക്കുന്നത്.
സ്വതവേ അതീപ അകടകാരിയായ സൈലസിന്‍ ഇപ്പോള്‍ അതിലും അപകടകാരിയായ ഫെന്റാനില്‍ എന്ന മറ്റൊരു മരുന്നുമായി ചേര്‍ത്തുള്ള കോക്ക്ടെയില്‍ ആണ് അമേരിക്കന്‍ യുവാക്കള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായിരിക്കുന്നത്. ത്വക്കുകള്‍ക്കുള്ളില്‍ നിന്നു തന്നെ വെന്തു വെണ്ണീറായി ജീവച്ഛവങ്ങളുടെ രൂപം നല്‍കുന്നത്ര അപകടകാരിയാണ് ഈ മിശ്രിതം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫിലാഡല്ഫിയയില്‍ നിന്നുള്ള 32 കാരനായ യുവാവിന്റെ കഥ ചില ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതോടെയാണ്‍’ ഈ മിശ്രിതത്തിന്റെ മാരക ഫലവും, ഇതിനുള്ള സ്വാധീനവും പുറത്ത് വരുന്നത്. മൂന്ന് വര്‍ഷത്തോളം ഈ മിശ്രിതം കുത്തിവച്ച യുവാവിന്റെ ശരീരം അക്ഷരാര്‍ത്ഥത്തില്‍ വിണ്ടു കീറുകയായിരുന്നു. മാത്രമല്ല, ചര്‍മ്മം പലയിടങ്ങളിലും പറിഞ്ഞുപോവുകയും ചെയ്തിരുന്നു.
കഴുത്തിലും, കാലിലും, നെഞ്ചിലുമൊക്കെ, പൊട്ടിയൊലിക്കുന്ന ദ്വാരങ്ങള്‍ അയാളുടെ ശരീരത്തില്‍ ദൃശ്യമായിരുന്നു. സൈലസിന്‍ രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും, കോശകലകളിലേക്കുള്ള ഓക്സിജന്‍ വിതരണം കുറയ്ക്കുകയും ചെയ്യുന്നതിനാലാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ന്യു ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലൂടെയായിരുന്നു ഈ യുവാവിന്റെ വിധി ഡോക്ടര്‍മാര്‍ പുറം ലോകത്തെ അറിയിച്ചത്.
ഫിലാഡല്ഫിയയിലെ നിയമവിരുദ്ധ മയക്കുമരുന്ന് വിപണിയെ സൈലസിന്‍ ഏതാണ്ട് കീഴടക്കി കഴിഞ്ഞു. തൊട്ടടുത്തുള്ള കെന്‍സിംഗ്ടണ്‍ ഏതാണ് ജീവച്ഛവങ്ങളുടെ ഭൂമികയായി മാറിയിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുനന്ത്. പതിറ്റാണ്ടുകളായി ഈ മരുന്ന് വിപണിയിലുണ്ടെങ്കിലും, അടുത്തിടെ മാത്രമാണ് ഇതിന്റെ ജനപ്രീതി വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവയില്‍ കലര്‍ത്തി, മെക്സിക്കോയില്‍ നിന്നാണ് പ്രധാനമായും ഇത് അമേരിക്കയില്‍ എത്തുന്നത്.
2015-ല്‍ 10 അമേരിക്കന്‍ നഗരങ്ങളിലെ അമിത മയക്കുമരുന്ന് കേസുകളില്‍ വെറും ഒരു ശതമാനം മാത്രമായിരുന്നു സൈലസിന്റെ പങ്കെങ്കില്‍, 2020 ല്‍ അത് ഏഴ് ശതമാനമായി വര്‍ദ്ധിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേവര്‍ഷം, മരണത്തിലവസാനിച്ച അമിത മയക്കുമരുന്ന് ഉപയോഗങ്ങളില്‍ ഫിലാഡല്ഫിയയില്‍ മാത്രം 26 ശതമാനം കേസുകളില്‍ സൈലസിന്‍ ആയിരുന്നു പ്രധാന പ്രതി.